'സർക്കാരിന്റെ അനങ്ങാപാറ നയം കേരളത്തെ കുട്ടിച്ചോറാക്കും', നക്ഷത്ര കൊലപാതകത്തിൽ ചെന്നിത്തല
തിരുവനന്തപുരം: ലഹരിമരുന്നിനെതിരെ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി പിണറായി സർക്കാർ അട്ടിമറിച്ചതിന്റെ ഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല. 6 വയസ്സുകാരി നക്ഷത്രയെ അച്ഛൻ മഹേഷ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. മദ്യലഹരിയിലായിരുന്നു മഹേഷ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: ' മാവേലിക്കരയിൽ 6 വയസ്സുകാരി നക്ഷത്ര മോൾ സ്വന്തം പിതാവ് മഹേഷിന്റെ കൈകൾ കൊണ്ട് കൊല ചെയ്യപ്പെട്ട സംഭവം അത്യന്തം സങ്കടക്കരവും വേദനാജനകവുമാണ്. സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്താൻ എങ്ങിനെ സാധിക്കുന്നു എന്ന് ചിന്തിച്ചാൽ മന:സാക്ഷിയുള്ള ഏതൊരു മാതൃ ഹൃദയവും തേങ്ങി പോകും.

നിഷ്കളങ്കമായ ചിരിയോടെ പാറി പറന്നു നടക്കേണ്ട പൊന്നു മോളെയോർത്ത് വേദനിക്കുന്ന നാട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും അയൽവാസികളുടെയും ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്ന കഞ്ചാവും , മയക്കുമരുന്നും എത്രയോ ദുരന്ത വാർത്തകൾക്കാണ് വഴിവെക്കുന്നത്? എത്രയോ തവണയാണ് ഈ ലഹരിമാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടത്.
ഇത്തരം ദുരന്തങ്ങൾ ഉണ്ടാകരുതേ എന്ന സദുദ്ദേശത്തോടെയാണ് ഞാൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ സേവ് ക്യാമ്പസ് പദ്ധതി കൊണ്ടുവന്നത്. ഈ പദ്ധതി ശക്തമായി പോലീസും എക്സൈസും സംയുക്തമായി നടപ്പിലാക്കിയതോടെ ലഹരിമാഫിയാ സംഘങ്ങൾ വേരറ്റുപോയിരുന്നു. പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആ പദ്ധതിയെ അട്ടിമറിച്ചതിന്റെ ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്.
സർക്കാരിന്റെ അനങ്ങാപാറ നയം കേരളത്തെ കുട്ടിച്ചോറാക്കുമെന്ന കാര്യത്തിൽ ഒരു സംശയം വേണ്ട. മക്കളെയും കുടുംബാംഗങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത വിധം മാനസിക നില തകർക്കുന്ന തലത്തിലേക്ക് മയക്കുമരുന്ന് വ്യാപനം എത്തി കഴിഞ്ഞു ഇനിയും സർക്കാർ അലംഭാവം വെടിഞ്ഞ് ഇടപ്പെട്ടില്ലെങ്കിൽ, ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നാട് അരാജകത്വത്തിന്റെ പിടിയിലമരും.
ഇനിയൊരു മോൾക്കും ഇത്തരമൊരു ഗതി വരാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം, നാടിന്റെ സാമൂഹികസാംസ്കാരിക പാരമ്പര്യത്തിനേറ്റ വേദനയാണ് നക്ഷത്ര മോളുടെ മരണം. നക്ഷത്ര മോളുടെ വേർപാടിന്റെ സങ്കടപ്പെടുന്നവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പൊന്നു മോൾക്ക് നിത്യ ശാന്തി നേരുന്നു...'












Click it and Unblock the Notifications