രമേശ് പിഷാരടിക്ക് സാധ്യതയുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ; പക്ഷേ, ധര്‍മജന്‍ തുറന്നു പറയുന്നു
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കേരളം. ഇത്തവണ കൂടുതല്‍ സിനിമാ താരങ്ങളുടെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ആരൊക്കെ മല്‍സരിക്കും എന്ന കാര്യത്തില്‍ അന്തിമ രൂപം വ്യക്തമായിട്ടില്ല. എല്‍ഡിഎഫിനും യുഡിഎഫിനും പുറമെ ഇത്തവണ വലിയ വിജയം നേടുമെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തുണ്ട്.
കോണ്‍ഗ്രസിന് വേണ്ടി നടന്‍ രമേശ് പിഷാരടി മല്‍സരിക്കും എന്ന് പറയപ്പെടുന്നു. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് രമേശ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൃപ്പൂണിത്തുറയില്‍ പിഷാരടി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് എന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നു.

കെ ബാബു പതിവായി ജയിച്ചുവന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. 2016ല്‍ സിപിഎമ്മിലെ എം സ്വരാജ് ആണ് ജയിച്ചത്. 2021ല്‍ ബാബുവിലൂടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. ഇത്തവണ ബാബു മല്‍സരിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് രമേശ് പിഷാരടിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. കൂടാതെ എം ലിജു, രാജു പി നായര്‍ തുടങ്ങി മറ്റുചില കോണ്‍ഗ്രസ് നേതാക്കളുടെ പേരും ചര്‍ച്ചയിലുണ്ട്.
തമിഴ്‌നാട്ടിലെ പോലെ കേരളത്തില്‍ താരങ്ങളെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സ്വീകരിക്കണം എന്നില്ലെന്ന് ധര്‍മജന്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രമേഷ് പിഷാരടിക്ക് വളരെ സാധ്യതയുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇത്തവണ യുഡിഎഫ് അധികാരത്തിലെത്താന്‍ സാധ്യതയുള്ളതിനാല്‍ സ്ഥാനം ലഭിക്കാന്‍ തിരക്ക് കൂടുതലായിരിക്കും. സീറ്റ് കിട്ടിയാല്‍ ജനവിധി പിഷാരടിക്ക് അനുകൂലമായിരിക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.
പിഷാരടിക്ക് നല്‍കിയ ഉപദേശം ഇങ്ങനെ
കഴിഞ്ഞ തവണ കോഴിക്കോട്ടെ ബാലുശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ച വ്യക്തിയാണ് ധര്‍മജന്‍. കുന്നത്തുനാട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് കേട്ടിരുന്നെങ്കിലും പാര്‍ട്ടി നിയോഗിച്ചത് ബാലുശ്ശേരിയിലേക്കാണ്. സച്ചിന്‍ ദേവ് എംഎല്‍എയാണ് ഇവിടെ ജയിച്ചത്. തനിക്ക് തീരെ പരിചയമില്ലാത്ത മണ്ഡലമായിരുന്നു ബാലുശേരി എന്ന് ധര്‍മജന്‍ പറയുന്നു.
സിനിമാ രംഗത്ത് താന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് തുറന്നുപറയുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് ധര്‍മജന്‍. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, സേവാ ദള്‍ എന്നിവയില്‍ എല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട് ധര്‍മജന്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ കൈയ്യില്‍ നിന്നും പണം ഇറങ്ങുമെന്ന് ധര്‍മജന്‍ പറയുന്നു. ബാലുശേരി മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ പല നേതാക്കളും സഹായിക്കുകയാണ് ചെയ്തതെന്നും ധര്‍മജന്‍ പറഞ്ഞു.
പിഷാരടിക്ക് നല്ല വിദ്യാഭ്യാസമുണ്ട്. രാഷ്ട്രീയ പരിചയം എത്രത്തോളം എന്നറിയില്ല. കോമഡിയല്ല രാഷ്ട്രീയം. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. കുറച്ച് പണച്ചെലവുണ്ടാകുമെന്നും പണം കരുതിവച്ചോ എന്നും താന്‍ പിഷാരടിയോട് പറഞ്ഞിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തും. മുഖ്യമന്ത്രിയാകാന്‍ യോഗ്യരായ ഒരുപാട് പേര്‍ കോണ്‍ഗ്രസിലുണ്ട്. ഐക്യത്തോടെ നിന്നാല്‍ കോണ്‍ഗ്രസിന് സുഖമായി ജയിക്കാം. കേരളത്തില്‍ ബിജെപി ഭീഷണിയല്ല. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ഭീഷണിയായി ബിജെപിയുണ്ടെന്നും ധര്‍മജന്‍ പറയുന്നു.












Click it and Unblock the Notifications