രമേശ് പിഷാരടി ഇറങ്ങുമോ? തൃപ്പൂണിത്തുറയില്‍ ചര്‍ച്ച, സ്വരാജില്ലാതെ സിപിഎം, ബിജെപി പ്രതീക്ഷയില്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കവെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഒരുങ്ങി പാര്‍ട്ടികള്‍. ഈസിയായി ജയിക്കാന്‍ സാധിക്കുന്ന മണ്ഡലങ്ങളില്‍ പ്രമുഖ നേതാക്കള്‍ തന്നെ മല്‍സരിക്കുമെങ്കിലും ഇത്തവണ അങ്കം മുറുകുമെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ സാന്നിധ്യം ശക്തമായതാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്.
എല്‍ഡിഎഫ്-യുഡിഎഫ് പോര് എന്നതില്‍ നിന്ന് മാറി കേരളത്തിലെ പല മണ്ഡലങ്ങളിലും ഇത്തവണ ത്രികോണ മല്‍സരത്തിനാണ് കളമൊരുങ്ങിയിട്ടുള്ളത്. ബിജെപി എ ക്ലാസ് ഗണത്തില്‍ ഉള്‍പ്പെടുത്തിയ 34 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് ഇതില്‍ കൂടുതല്‍ എങ്കിലും എറണാകുളത്തെ തൃപ്പൂണിത്തുറ മണ്ഡലവും ഇത്തവ ശ്രദ്ധാ കേന്ദ്രമാകും.

കെ ബാബു നിരവധി തവണ ജയിച്ച തട്ടകമാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം. കൊച്ചി കോര്‍പറേഷനിലെ വാര്‍ഡുകളും രണ്ട് മുന്‍സിപ്പാലിറ്റികളും രണ്ട് ഗ്രാമ പഞ്ചായത്തുകളും ചേര്‍ന്നതമാണ് മണ്ഡലം. 1991 മുതല്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബു തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലത്തില്‍ 2016ല്‍ സിപിഎമ്മിന്റെ എം സ്വരാജ് അട്ടിമറി വിജയം നേടിയിരുന്നു. എന്നാല്‍ 2021ല്‍ ബാബു തിരിച്ചുപിടിച്ചു.
കഴിഞ്ഞ തവണ രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു ബാബുവിന്റെ ജയം. ബാബു 66875 വോട്ടുകള്‍ നേടിയപ്പോള്‍ സ്വരാജ് 64883 വോട്ടുകള്‍ പിടിച്ചു. ബിജെപിയുടെ കെഎസ് രാധാകൃഷ്ണന് 23756 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കേരളത്തില്‍ ഇടതുപക്ഷം മികച്ച വിജയം നേടിയ വേളയില്‍ തൃപ്പൂണിത്തുറയില്‍ അടിതെറ്റിയത് വലിയ വാര്‍ത്തയായിരുന്നു. തിരഞ്ഞെടുപ്പില്‍ പല ആരോപണങ്ങളും ഉയര്‍ന്നെങ്കിലും ബാബു തന്നെ അഞ്ച് വര്‍ഷം തികയ്ക്കുകയാണ്.
ബാബു വന്നേക്കില്ല, രമേശ് പിഷാരടി വരുമോ
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തവണ മല്‍സരിക്കാനില്ല എന്ന നിലപാടിലാണ് ബാബു. എന്നാല്‍ ബാബു ഇല്ലെങ്കില്‍ മണ്ഡലം നഷ്ടപ്പെടുമോ എന്ന ആശങ്ക കോണ്‍ഗ്രസിലുണ്ട്. സ്ഥാനാര്‍ഥികളില്‍ പ്രഥമ പരിഗണന ബാബുവിന് തന്നെയാകും. അല്ലെങ്കില്‍ പല പേരുകളും ചര്‍ച്ചയിലുണ്ട്. അതിലൊന്ന് നടന്‍ രമേശ് പിഷാരടിയാണ്. കോണ്‍ഗ്രസ് വേദികളില്‍ തിരഞ്ഞെടുപ്പ് കാലത്ത് സജീവമാണ് പിഷാരടി.
എങ്കിലും രമേശ് പിഷാരടി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമല്ല. അദ്ദേഹം പിടി കൊടുക്കില്ല എന്നാണ് ഇതുവരെയുള്ള വിവരം. രാജു പി നായര്‍, എം ലിജു എന്നിവരും പരിഗണനയിലുണ്ട്. 2021ലും രമേശ് പിഷാരടിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തനിക്ക് സാധിക്കില്ല എന്ന നിലപാടാണ് അദ്ദേഹം അന്ന് എടുത്തതത്.
കൊച്ചി മുന്‍ മേയര്‍ എം അനില്‍കുമാറിനെ ഇടതുപക്ഷം കളത്തിലിറക്കുമെന്നാണ് സൂചന. തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ച ആത്മവിശ്വാസത്തിലാണ് ഇത്തവണ ബിജെപി ഇറങ്ങുന്നത്. 30000ത്തില്‍ താഴെ വോട്ടുകളാണ് ഇതുവരെ ബിജെപിക്ക് മണ്ഡലത്തില്‍ ലഭിച്ചിട്ടുള്ളത്. ഇത്തവണ ബിജെപി പിടിക്കുന്ന വോട്ടുകള്‍ തിരിച്ചടിയാകുക എല്‍ഡിഎഫിനാണോ യുഡിഎഫിനാണോ എന്ന് കണ്ടറിയണം.












Click it and Unblock the Notifications