'മമ്മൂക്കയുടെ പിന്നാലെ നടക്കുന്നതാണ് നല്ലത്'; ഇത് ലാലേട്ടനെക്കൊണ്ടേ പറ്റൂ'; പിഷാരടിയുടെ ചാട്ടത്തിന് സംഭവിച്ചത്
മലയാളത്തിന്റെ അഹങ്കാരമായ മോഹന്‍ലാല്‍ ഇന്ന് 65-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആശംസകള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ് താരങ്ങളും ആരാധകരും. തലമുറകള്‍ എത്ര കടന്നാലും അഭിനയത്തിന്റെ മാറ്റ് കൂട്ടിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിനെ പോലൊരു നടനവിസ്മയം ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വമാണ്. റെക്കോഡുകള്‍ തകര്‍ത്ത് കോടികളുടെ കണക്കുമായി മുന്നേറുന്ന തുടരും സിനിമയുടെ ചരിത്ര വിജയത്തിനൊപ്പമാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ എന്നത് താരത്തിനും പ്രേക്ഷകര്‍ക്കും ഇരട്ടി മധുരം നല്‍കുന്നു.
മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമായ തുടരും സിനിമയിലെ ലാലേട്ടന്റെ മാസ് രംഗങ്ങള്‍ ആരാധകര്‍ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് സിനിമയിലെ ജനല്‍ വഴിയുള്ള മോഹന്‍ലാലിന്റെ ചാട്ടമായിരുന്നു. തിയറ്റുകള്‍ പൂരപ്പറമ്പാക്കിയ ആ ചാട്ടം കണ്ട് ആരാധകരും എഴുന്നേറ്റു നിന്ന് കൈയടിച്ചു. മോഹന്‍ലാലിനു മാത്രം സാധിക്കുന്നതെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

ഏതൊരു നടനും അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന മോഹന്‍ലാലിന്റെ അഭിനയത്തെ അനുകരിക്കാന്‍ പലരും ശ്രമിക്കാറുണ്ടെങ്കിലും ഞൊടിയിടയില്‍ മിന്നിമറയുന്ന ഭാവങ്ങള്‍ ആര്‍ക്കും അത്ര പെട്ടെന്ന് വഴങ്ങില്ല. ഇപ്പോഴിതാ, മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ 'തുടരും' സിനിമയിലെ ചാട്ടം അനുകരിച്ച് സംവിധായകനും നടനുമായ രമേശ് പിഷാരടി നടത്തിയ ചാട്ടം താരത്തെ വൈറലാക്കിയിരിക്കുകയാണ്. വിദേശത്ത് എവിടെയോ മനോഹരമായ ഒരു പശ്ചാത്തലത്തിലാണ് പിഷാരടി ചെറിയ പൊക്കമുള്ള വേലി ചാടുന്നത്. സിനിമയിലെ പ്രശസ്തമായ പശ്ചാത്തല സംഗീതവും ഉപയോഗിച്ചിട്ടുണ്ട്.
രസകരമായ നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ പിഷാരടി പങ്കുവെച്ച റീല്‍സിനു ലഭിക്കുന്നത്. താരത്തെ കളിയാക്കിയുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. എങ്കിലും പിറന്നാള്‍ ആശംസയിലെ വ്യത്യസ്തതയെ അഭിനന്ദിച്ച് ആയിരക്കണക്കിന് ആളുകളാണ് രമേശ് പിഷാരടിയുടെ ചാട്ടത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്.
'ഏട്ടന്റെ സ്‌ക്രീന്‍ പ്രെസന്‍സിന്റെ മാറ്റ് എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞു നിങളെ ചാട്ടം കൊണ്ട്!' എന്നാണ് ഒരു കമന്റ്. ഇതിനാണ് ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നത്.
'ആ ചാട്ടത്തില്‍ അയാളുടെ കറുത്ത മുണ്ട് വരെ അഭിനയിച്ചു. അതാണ് നാളെ പിറന്നാള്‍ ആഘോഷിക്കുന്ന അറുപത്തി അഞ്ച്കാരന്‍...', 'നിനക്ക് പറ്റിയ പണി മമ്മൂക്കയുടെ പുറകില്‍ നടക്കുന്നതാണ്, ഈ പണി നിങ്ങളെക്കൊണ്ട് ആകില്ല, ഒരു രണ്ടടി നീളമുള്ള ഒരുത്തൂണ്‍ ചാടി കടക്കുന്നതെല്ലാം വലിയൊരു സംഭവം. ഞങ്ങടെ നാട്ടില്‍ എല്‍കെജി പിള്ളേര്‍ ചെയ്യുന്നതാണ്' - എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ലാലേട്ടന്റെ ആ ചട്ടത്തിലുമുണ്ട് ഒരു ഫ്‌ളക്‌സ്ബിലിറ്റി.... ഒരു പക്ഷെ, അദ്ദേഹത്തിന് മാത്രം പറ്റുന്നത്. പിഷു ഒന്ന് കണ്ടു നോക്കൂ.. എന്നാണ് ഒരു മോഹന്‍ലാല്‍ ആരാധകന്‍ കുറിച്ചത്.
ഒറ്റയാന്‍ എന്നും ഒറ്റയാന്‍ തന്നെ... ഒരേ ഒരു രാജാവ്. ഇങ്ങള് കൂട്ടിയാല്‍ കൂടില്ലെന്ന് ആരാധകര്‍ പറയുമ്പോഴും രമേശ് പിഷാരടി നടത്തിയ ശ്രമത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. വേലി ചാടാന്‍ രമേശ് പിഷാരടിക്കും അനായാസേന കഴിഞ്ഞെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
മോഹന്‍ലാലിന്റെ ചാട്ടത്തിനു പിന്നിലും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കിയതും സ്റ്റണ്ട് സില്‍വയാണ്. പൊലീസ് സ്‌റ്റേഷനിലെ ചില്ല് പൊട്ടിച്ച് ജനലിലൂടെ പുറത്തുവരുന്ന സീന്‍ നേരത്തെ പ്ലാന്‍ ചെയ്തതാണെന്ന് ഒരു അഭിമുഖത്തില്‍ തുടരും സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു.
തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍: 'ചാടി നില്‍ക്കുമ്പോള്‍ ഒരു ആന വന്നുനിന്നു നില്‍ക്കുന്നതു പോലെ പ്രേക്ഷകനു തോന്നണം. മോഹന്‍ലാലിന് പനി പിടിച്ചിരിക്കുമ്പോഴാണ് ആ സീന്‍ എടുക്കുന്നത്. അതിന്റെ കുറ്റബോധം എനിക്കുണ്ടെങ്കിലും ലാല്‍ സാര്‍ 'മോനേ അതു ചെയ്യാം' എന്ന് പറഞ്ഞ് നല്ല ഫോമില്‍ നില്‍ക്കുകയാണ്. കയറില്ലാതെയാണ് ആ സീന്‍ ലാലേട്ടന്‍ ചെയ്തത്. സ്റ്റണ്ട് സില്‍വ ലാലേട്ടന്‍ തീര്‍ച്ചയായും ചെയ്യും എന്നു പറഞ്ഞു. ലാലേട്ടന്‍ ഒരു കൈ കൊണ്ട് കുത്തി ഒരു കാല്‍ പൊക്കുമ്പോള്‍ മുണ്ടടക്കം ആ സീനെ സപ്പോര്‍ട്ട് ചെയ്യുന്നതു പോലെ തോന്നി. ഞാന്‍ പ്രതീക്ഷിച്ചതിന്റെ പത്തിരട്ടി മുകളിലാണ് ലാലേട്ടന്‍ ആ സീന്‍ ചെയ്തത്. സെറ്റ് മുഴുവന്‍ കൈയടിച്ചു. സിംഗിള്‍ ടേക്കിലാണ് ആ സീന്‍ ചിത്രീകരിച്ചത്'.












Click it and Unblock the Notifications