ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദമാണ് നടന്‍ രമേഷ് പിഷാരടി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്താന്‍ ഇടയാക്കിയത്. സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത് എന്ന് പിഷാരടി പറയുന്നു.
കോണ്‍ഗ്രസിന് വേണ്ടി രമേശ് പിഷാരടിയും എല്‍ഡിഎഫ് സ്വതന്ത്രനായി വ്യാപാരി എന്‍എംആര്‍ റസാഖും ബിജെപിക്ക് വേണ്ടി ശോഭ സുരേന്ദ്രനുമാണ് ഇത്തവണ മല്‍സര രംഗത്തുള്ളത്. ഏറെ കാലമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുന്ന മണ്ഡലമാണിത്. ഷാഫി പറമ്പില്‍ ആയിരുന്നു തുടര്‍ച്ചയായി ജയിച്ചിരുന്നത്. അദ്ദേഹം വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വരവ്.

വിവാദങ്ങളില്‍ പെട്ടതോടെ രാഹുല്‍ മാങ്കൂട്ടം കോണ്‍ഗ്രസില്‍ നിന്ന് ഔട്ടായി. പകരം കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കവെയാണ് രമേഷ് പിഷാരടി എത്തിയത്. കോമാളി വേഷം കെട്ടി നടക്കുന്ന സിനിമാ താരങ്ങളെ മല്‍സരിപ്പിക്കുന്നു എന്ന സിപിഎം നേതാവ് തോമസ് ഐസകിന്റെ പ്രതികരണം വിവാദമായിരുന്നു. കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ തോമസ് ഐസക് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സിനിമാ താര പ്രഭ കേരളത്തിലെ രാഷ്ട്രീയത്തില്‍ അത്ര തിളങ്ങിയിട്ടില്ല. മുകേഷും സുരേഷ് ഗോപിയും ഗണേഷ് കുമാറുമെല്ലാം ജയിച്ചിട്ടുണ്ടെങ്കിലും ശക്തമായ പാര്‍ട്ടി സംവിധാനമായിരുന്നു ഇവരുടെ പിന്‍ബലം. ജഗദീഷ്, ഭീമന്‍ രഘു, രാജസേനന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെല്ലാം തോല്‍വി അറിഞ്ഞവരാണ്. ഇത്തവണയും സിനിമാ താരങ്ങള്‍ മല്‍സരിക്കുന്നുണ്ട്. അതിലൊരാളാണ് രമേഷ് പിഷാരടി.
സിനിമ പൂര്‍ണമായി മാറ്റിവയ്ക്കുമെന്ന് രമേഷ് പിഷാരടി
സിനിമ പൂര്‍ണമായും മാറ്റിവച്ചാണ് പാലക്കാട് മല്‍സരിക്കാന്‍ എത്തിയത് എന്ന് രമേഷ് പിഷാരടി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാല്‍ സിനിമയില്‍ ഇനി കാണില്ലെന്നും അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു. വളരെ കുറച്ച് സിനിമകളേ തനിക്ക് കിട്ടുന്നുള്ളൂ. രാഷ്ട്രീയത്തില്‍ സജീവമാകുമ്പോള്‍ പൂര്‍ണമായും ഇതുതന്നെയാകേണ്ടതുണ്ട്. രണ്ടും കല്‍പ്പിച്ചാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
മാറാത്തത് മാറുമെന്ന് പറയുമ്പോള്‍, എല്ലാവരും ഒരുമിച്ച് സൗഹൃദത്തോടെ ജീവിക്കുന്ന സാഹചര്യം ഒരിക്കലും മാറരുത് എന്നാണ് വിചാരിക്കുന്നത്. പരസ്പരം കുറ്റപ്പെടുത്തുന്ന രാഷ്ട്രീയത്തോട് യോജിപ്പില്ല. എന്നാല്‍ രാജ്യത്ത് നടക്കുന്ന മാറ്റങ്ങളും രാഷ്ട്രീയവും കൃത്യമായി അറിയേണ്ടതുണ്ട്. ജനങ്ങള്‍ക്ക് സേവനം ചെയ്യുകയാണ് വേണ്ടത്. രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് ചെറുതല്ല. വികസനം മാത്രം പറഞ്ഞാല്‍ മതി എന്ന് ഇപ്പോള്‍ പറയുന്നവര്‍ക്ക് അതിനുള്ള പശ്ചാത്തലം ഒരുക്കിയത് കോണ്‍ഗ്രസ് ആണെന്നും രമേഷ് പിഷാരടി പറഞ്ഞു.












Click it and Unblock the Notifications