കൈയ്യാങ്കളി വിവാദം; 'കൈവിട്ട്' ചിറയൻകീഴ്, യുഡിഎഫിന് തിരിച്ചടി, എൽഡിഎഫിന് അട്ടിമറി വിജയം
രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയൻകീഴ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളിലും യുഡിഎഫിന് കനത്ത തിരിച്ചടി. ഇവിടെ എൽഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനിലും നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചുതെങ്ങിൽ 395 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ബിജി മോൾ ജയിച്ചത്. കഴിഞ്ഞ തവണ 593 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്.

മുണ്ടക്കൽ വാർഡിൽ 139 വോട്ടുകള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രമ്യ വി തുളസി അട്ടിമറി വിജയം നേടിയത്. രമ്യ 440 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിലെ അജന്ത ഷിജിക്ക് 301 വോട്ടുകൾ മാത്രമാണ് നേടാനായത്. നിലവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് ഇടതുമുന്നണി പഞ്ചായത്ത് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ മുണ്ടയ്ക്കലിലെ വിജയത്തോടെ ഇനി തനിച്ച് ഭരിക്കാൻ എൽഡിഎഫിന് സാധിക്കും.
രമ്യ ഹരിദാസ് വിവാദം ചിറയൻകീഴിൽ കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. എംഎൽയും സഹായിയായ പാളയം പ്രദീപും ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മറുഭാഗത്തുമായി നടന്ന കയ്യാങ്കളി നേതൃത്വത്തിന് വലിയ തലവേദനയാണ് തീർത്തത്. പാർട്ടി അന്വേഷണത്തിനൊടുവിൽ രമ്യ ഹരിദാസിന് വീഴ്ച പറ്റിയതായി നേതൃത്വം കണ്ടെത്തി. തുടർന്ന് എംഎൽയെ കോണ്‍ഗ്രസ് താക്കീത് ചെയ്തു. പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് സജാദിനെയും കോൺഗ്രസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അതേസമയം തിരഞ്ഞെടുപ്പിലെ തോൽവിയിൽ എംഎൽഎയ്ക്കെതിരെ നേതാക്കൾ രംഗത്തെത്തി. തോല്‍വിക്ക് കാരണം രമ്യ ഹരിദാസ് എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളാണെന്ന് സജാദ് കുറ്റപ്പെടുത്തി.
അതിനിടെ ഉപതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചുവരവാണ് എൽ ഡി എഫ് നടത്തിയത്. 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽ ഡി എഫിന് വിജയിക്കാനായി. 19 സീറ്റുകളിലാണ് യു ഡി എഫ് ജയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് 22 സീറ്റുകളാണ് യുഡിഎഫിൻ്റെ പക്കൽ ഉണ്ടായിരുന്നത്. എൽഡിഎഫിനാടകട്ടെ 15 ഉം. എൽഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് എൽഡിഎഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. അതേസമയം എന്‍ഡിഎ ഒരു സീറ്റിൽ ജയിച്ചു. പൂതൃക്ക പഞ്ചായത്തില്‍ എൻഡിഎ മുന്നണിയിലെ ട്വന്റി ട്വന്റിയാണ് വിജയിച്ചത്.


Click it and Unblock the Notifications
