പുലിപ്പല്ല് കേസില്‍ വേടന്‍ അറസ്റ്റില്‍; ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്ന് മൊഴി
കൊച്ചി: പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വേടനെ അറസ്റ്റ് ചെയ്തത്.
പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനലാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെ പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നാണ് വേടൻ പറഞ്ഞത് എന്നാണ് വിവരം. പുലിപ്പല്ല് നൽകിയ ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത്ത് കുമ്പിടിയെ കേന്ദ്രീകരിച്ചും വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഒമ്പച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് വേടൻ എന്ന ഹിരൺ ദാസ് മുരളിയെ അറസ്റ്റ് ചെയ്തത്. വേടൻ ചോദ്യം ചെയ്യലുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ തിങ്കളാഴ്ട ഹിൽപ്പാലസ് പോലീസ് നടത്തിയ പരിശോധനയിലാണ് ആറ് ഗ്രാം കഞ്ചാവും ഒൻപതര ലക്ഷം രൂപയും കണ്ടെടുത്തത്. ഈ കേസിൽ ഇവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണ് എന്ന് കണ്ടെത്തിയതോടെ വനം - വന്യജീവ് വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. പോലീസ് എത്തുമ്പോൾ മുറി നിറയെ പുകയും രൂക്ഷ ഗന്ധവും നിറഞ്ഞ നിലയിലായിരുന്നെന്ന് പറയുന്നു. ഒൻപത് പേരും മേശയ്ക്ക് ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്. ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകളാണ് എഫ് ഐ ആറിൽ ചുമത്തിയിട്ടുള്ളത്.
തന്റെ മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്ന് വേടൻ പറഞ്ഞു. ഒരു രാസ ലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും വേടൻ പറഞ്ഞു.
സമ്മാനമായി കിട്ടിയതാണ് പുലിപ്പല്ല് എന്ന് പറയുന്നുണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ ഇത്തരം വസ്തുക്കൾ കൈവശം വെയ്ക്കുന്നതും കുറ്റകരമാണെന്ന് വനം വകുപ്പ് അറിയിച്ചു.
വേട്ടയാടലിൽ വേടന് പങ്കുണ്ടോ എന്നത് തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാകേണ്ടതാണ്. രഞ്ജിത്തിന് മാത്രമാണ് പങ്ക് എങ്കിൽ വേടന്റെ പേരിലുള്ള ഈ കുറ്റം ഒഴിവാക്കുമെന്നാണ് വിവരം. വേടനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോദ്യം ചെയ്യലുമായി വേടൻ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് വനവകുപ്പ് പറഞ്ഞു.












Click it and Unblock the Notifications