വേടന്‍ യൂറോപ്പിലേക്ക്; നിയന്ത്രണങ്ങള്‍ നീങ്ങി, ഞായറാഴ്ച സ്റ്റേഷനില്‍ വരേണ്ടതില്ല, കേസ് വിവരം
കൊച്ചി: റാപ്പര്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. രാജ്യം വിടരുത് എന്ന ഉപാധി ഹൈക്കോടതി നീക്കി. രാജ്യം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം എന്ന് ഉപാധി കോടതി മുന്നോട്ട് വെക്കുകയും ചെയ്തു. ഇനി വേടന് വിദേശത്ത് പോകാന്‍ തടസമില്ല. യൂറോപ്പിലും ദുബായിലും ഉള്‍പ്പെടെയുള്ള പരിപാടികളില്‍ വേടന് പങ്കെടുക്കാം.
ഗവേഷണ വിദ്യാര്‍ഥി നല്‍കിയ അതിക്രമ കേസില്‍ ജാമ്യത്തിലായിരുന്നു വേടന്‍. 2021ല്‍ ഗവേഷണ ആവശ്യത്തിന് വേണ്ടി സമീപിച്ചപ്പോള്‍ അതിക്രമം നടത്തി എന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതി വേടന് ജാമ്യം നല്‍കുമ്പോള്‍ കര്‍ശന വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരുന്നത്.

എല്ലാ ഞായറാഴ്ചയും പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, രാജ്യം വിടരുത് എന്നീ നിബന്ധനയായിരുന്നു ജില്ലാ കോടതി മുന്നോട്ട് വച്ചത്. ഈ നിബന്ധന പാലിക്കുന്നുണ്ടെന്നും ഇനി ഇളവ് വേണമെന്നും വേടന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സ്റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലിയുടെ ഭാഗമായി പല രാജ്യങ്ങളിലും പോകേണ്ടതുണ്ട്. ജാമ്യ വ്യവസ്ഥ കാരണം ഒന്നിനും സാധിക്കുന്നില്ല. ഇളവ് വേണം എന്നായിരുന്നു വേടന്‍ ആവശ്യം.
ഫ്രാന്‍സ്, ജര്‍മനി, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലെല്ലാം സ്റ്റേജ് ഷോകള്‍ ബുക്കിങ് ഉണ്ട് എന്ന് വേടന്‍ കോടതിയെ അറിയിച്ചു. കടുത്ത ജാമ്യ വ്യവസ്ഥ കാരണം ഒരു പരിപാടിയിലും പങ്കെടുക്കാന്‍ സാധിക്കുന്നില്ല. കേസിന്റെ തെളിവെടുപ്പും മറ്റു നടപടികളും പൂര്‍ത്തിയായതാണ്. ഇനിയും കര്‍ശന വ്യവസ്ഥ ആവശ്യമില്ല എന്നും വേടന്‍ കോടതിയെ ബോധിപ്പിച്ചു.
ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. ഇതുപ്രകാരം എല്ലാ ഞായറാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകേണ്ടതില്ല. മാത്രമല്ല, വിദേശത്ത് പോകുന്നതിന് തസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, വിദേശത്ത് പോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം എന്ന നിബന്ധന വച്ചിട്ടുമുണ്ട്.
കേസില്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തണം എന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതിക്കാരെ കോടതിയെ സമീപിച്ചു. കോടതി പോലീസിന്റെ പ്രതികരണം തേടി. നോട്ടീസ് പിന്‍വലിക്കുകയാണ് എന്ന് അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിച്ചു.
വേടനെതിരെ മറ്റൊരു ഗുരുതരമായ ആരോപണം കൂടി നിലവിലുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. യുവ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. കേസില്‍ വേടന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധം മാത്രമാണുണ്ടായിരുന്നത് എന്ന് വേടന്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications