വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്ന് പോലീസ്; കേസില്‍ ഒമ്പത് പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹില്‍പാലസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം. വേടനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് പോലീസ് ആരോപിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വേടന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചത്. വില്‍ക്കാനുള്ള അളവില്‍ ഇല്ലായിരുന്നു എങ്കിലും ഉപയോഗിക്കുന്ന അളവിലുണ്ടായിരുന്നുവത്രെ. കേസില്‍ നേരത്തെ കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ പ്രതിയായ പിന്നാലെയാണ് കൂടുതല്‍ കേസുകളില്‍ വേടനെ പ്രതിചേര്‍ത്തത്.

വേടനും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒമ്പത് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇനി കേസില്‍ വിചാരണ നടക്കും. ആരോപിക്കുന്ന സംഭവത്തില്‍ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കേണ്ടി വരും. വലിയ അളവില്‍ കഞ്ചാവ് കണ്ടെടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഗൗരവമായ കേസല്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ കേസില്‍ അറസ്റ്റിലായ വേളയിലാണ് വേടനെതിരെ പുലി നഖം കേസ് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തത്. വേടന്റെ മാലയില്‍ കണ്ടെത്തിയത് പുലി നഖമാണ് എന്നായിരുന്നു ആരോപണം. ഇത് തനിക്ക് പ്രവാസിയായ ആരാധകന്‍ സമ്മാനിച്ചതാണ് എന്ന് വേടന്‍ അറിയിച്ചിരുന്നു. എങ്കിലും ഇത് കുറ്റകരമാണ് എന്ന് കണ്ടെത്തിയാണ് കേസെടുത്തത്.
തുടര്‍ച്ചയായ കേസുകള്‍ എടുക്കുകയും വേഗത്തില്‍ നടപടി സ്വീകരിക്കുകയും ചെയ്ത അന്വേഷണ സംഘത്തിന്റെ നീക്കം മറ്റു ചില ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. വേടനെ ഒതുക്കാന്‍ ചിലര്‍ ബോധപൂര്‍വം കളിക്കുന്നു എന്നായിരുന്നു വിമര്‍ശനം. പുലി നഖം കേസ് അനാവശ്യമായി എടുത്തതാണ് എന്ന വിമര്‍ശനവും ഉയര്‍ന്നു. അതിന് ശേഷം വേടനെതിരെ ലൈംഗിക ആരോപണ കേസ് എടുത്തിരുന്നു.
വേടന്‍ കോഴിക്കോടും കൊച്ചിയിലും വച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവ ഡോക്ടറുടെ പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കുന്നത് വേടനെതിരായ നീക്കങ്ങളുടെ ഭാഗമാണ് എന്ന പ്രചാരണവുമുണ്ടായി. മൂന്ന് കേസിലും വേടന് ജാമ്യം ലഭിച്ചിട്ടുണ്ട്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നുമാണ് വിഷയത്തില്‍ വേടന്‍ പ്രതികരിച്ചിരുന്നത്.
ആര്‍എസ്എസ് വിരുദ്ധ നിലപാടാണ് വേടന്‍ സ്വീകരിക്കുന്നത്. പിന്നാക്ക വിഭാഗത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ഇതാണ് വേടനെതിരായ നീക്കങ്ങള്‍ക്ക് കാരണം എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications