അയ്യങ്കാളി അനുസ്മരണച്ചടങ്ങളില്‍ തലപ്പാവ് അണിയാന്‍ വിസമ്മതിച്ചു; വേടന്‍ പറഞ്ഞത് ഇക്കാര്യം
തിരുവനന്തപുരം: അയ്യങ്കാളി അനുസ്മരണച്ചടങ്ങില്‍ സംഘാടകര്‍ തലപ്പാവ് അണിയിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പ് അറിയിച്ച് റാപ്പര്‍ വേടന്‍. അയ്യങ്കാളിയുടെ തലപ്പാവിന്റെ മാതൃകയിലുള്ള തലപ്പാവ് അണിയിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു വേടന്‍ വിസമ്മതം അറിയിച്ചത്.
അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞാണ് സംഘാടകരെ വിലക്കിയത്. തലപ്പാവ് വെക്കരുത് പ്ലീസ്... കയ്യില്‍ വാങ്ങിക്കോളാം എന്നു പറഞ്ഞ് തലപ്പാവ് കൈയിലേക്കു വാങ്ങിയ വേടന്‍ അത് സദസിനെ ഉയര്‍ത്തിക്കാട്ടിയ ശേഷം തിരിച്ചുനല്‍കുകയായിരുന്നു. അത് അയ്യന്‍കാളിയുടെ ശിരസിനു മാത്രമേ ചേരൂ എന്ന രീതിയിലാണ് വേടന്‍ മറുപടി പറഞ്ഞത്.

വേടന്റെ ഈ പ്രവൃത്തിക്ക് വലിയ കൈയടിയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. നേരത്തെ ഒരു ആരാധിക സ്റ്റേജില്‍ കയറി വേടന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ ശ്രമിച്ചതും വേടന്‍ വിലക്കിയിരുന്നു. പിന്നോട്ട് മാറിയ വേടന്‍ ' മോളേ അങ്ങനെ ചെയ്യരുത് ഞാന്‍ എഴുതുകയും പാടുകയും ചെയ്യുന്നത് അത്തരം മൂല്യങ്ങള്‍ക്കെതിരായാണ് ' എന്നാണ് അന്ന് മറുപടി പറഞ്ഞത്.
മഹാത്മ അയ്യങ്കാളി ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിഎംഎസ് സംഘടിപ്പിച്ച നവോത്ഥാന സ്മൃതി സംഗമത്തിലാണ് റാപ്പര്‍ വേടന് സ്വീകരണം നല്‍കിയത്. തിരുവനന്തപുരം വെങ്ങാനൂരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ വേടന്‍ പ്രഥമ വില്ലുവണ്ടി പുരസ്‌കാരവും ഏറ്റുവാങ്ങി.
സദസിനെ കൈയിലെടുത്തായിരുന്നു വേടന്റെ പ്രസംഗം. വേടന്റെ ഈ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനാണോ എന്ന് എനിക്കറിയില്ല. ഞാന്‍ ചെയ്യുന്നത് അയ്യങ്കാളിയും ബാബസാഹിബ് അംബേദ്കറും നമുക്കു വേണ്ടി തുറന്നിട്ട വഴിയിലൂടെ നടക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.
വേടന്റെ വാക്കുകള്‍: 'നമ്മളെല്ലാരും ഒരുമിച്ച് നില്‍ക്കുന്ന ഒരു കാലം വരും എന്ന പ്രതീക്ഷയിലാണ് ഞാനും എന്റെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുന്നത്. നമ്മളെ പോലെയുള്ള പട്ടികജാതി, ദലിത്, ആദിവാസി വിഭാഗത്തില്‍ പെട്ട ജനങ്ങളുടെ ഒരു വലിയ പ്രശ്‌നം ഒത്തൊരുമ ഇല്ലാത്തതാണ്. നമ്മുടെ സാഹോദാര്യമില്ലായ്മ ഇവിടെയുള്ള സനാതന ധര്‍മ വാദികള്‍ നമ്മെ വേര്‍തിരിക്കാന്‍ വലിയ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. അത് യുവ തലമുറ മനസിലാക്കണം.
നമ്മളെപ്പോഴും ഒരുമിച്ചായിരിക്കണം. ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറാന്‍ നമുക്ക് സാധിക്കട്ടെ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാനില്ലെങ്കില്‍ കൂടി അടുത്ത വര്‍ഷം മഹാവീരന്‍ അയ്യങ്കാളിയെ കാണാന്‍ ഇതേ തിരക്കുണ്ടാവണം. ഞാനൊരിക്കലും മഹാത്മാവ് എന്ന് പറയില്ല. അങ്ങനെയൊരു സംസ്‌കൃതം വാക്ക് ഞാന്‍ ഉപയോഗിക്കില്ല. മഹാവീരന്‍ ആണയാള്‍.
ഈ കുടുസു മുറിയില്‍ ഇരുന്നുകൊണ്ടല്ല അയ്യങ്കാളിയെ ആഘോഷിക്കേണ്ടതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications