ആരോപണങ്ങളില്‍ ഗൂഡാലോചനയുണ്ട്; വൈകാതെ വ്യക്തമാക്കുമെന്ന് വേടന്‍; കല ആയുധമാക്കുന്നുവെന്ന് വിമര്‍ശനം
കൊച്ചി: തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. ഗവേഷക വിദ്യാര്‍ഥി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായതായിരുന്നു വേടന്‍. വേടനെതിരേ ഉയരുന്ന തുടര്‍ച്ചയായ പരാതികളില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ഗൂഢാലോചന നടത്തിയവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സഹോദരന്‍ ഹരിദാസാണ് മുഖ്യമന്ത്രിയെ കണ്ട് പരാതി സമര്‍പ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് വേടന്റെ പ്രതികരണം വരുന്നത്.
തനിക്കെതിരായ ലൈംഗിക ആരോപണങ്ങളുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്‍ വ്യക്തമാക്കി. തനിക്ക് അതില്‍ യാതൊരു സംശയവുമില്ല. കേസ് നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ഫ്രീയാകുമ്പോള്‍ ബാക്കി കാര്യങ്ങള്‍ സംസാരിക്കാമെന്നാണ് വേടന്‍ പറയുന്നത്.

വേടനെതിരായ കേസുകള്‍ കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നതെന്ന് ഹരിദാസ് പറയുന്നു. അതേസമയം, ലൈംഗികാരോപണങ്ങളുണ്ടായിട്ടും വേടന്‍ സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്നും പരിപാടിക്കിടെ വേടന്‍ പറഞ്ഞു.
വേടനെതിരേ ഒന്നിനു പുറകേ ഒന്നായി ലൈംഗിക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഢാലോചന ആരോപിച്ച് കുടുംബം പരാതി നല്‍കിയത്. പരാതികള്‍ ഉയര്‍ന്നതോടെ സമൂഹ മാധ്യമങ്ങളിലും വേടന്റെ പിന്തുണ കുറഞ്ഞു വരുന്നുണ്ട്. നിരവധി പേരാണ് വേടനെ വിമര്‍ശിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ വേടന്‍ കല ആയുധമാക്കുന്നുവെന്നാണ് പലരും സമൂഹ മാധ്യമങ്ങളില്‍ കുറ്റപ്പെടുത്തുന്നത്.
ആദ്യം ലഹരിക്കേസിലാണ് വേടന്‍ നിയമക്കുരുക്കില്‍ പെടുന്നത്. പിന്നീട് പുലിപ്പല്ലു കൈവശം വച്ച കേസിലാണ് അറസ്റ്റിലാകുന്നത്. ഈ വിഷയത്തില്‍ വേടന് വലിയ പിന്തുണ ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയില്‍ തന്നെ വേടന്‍ അതിഥിയായും പങ്കെടുക്കുകയും ചെയ്തു. തന്റെ ദുശ്ശീലങ്ങള്‍ കുട്ടികള്‍ അനുകരിക്കരുതെന്നു വേടന്‍ പറഞ്ഞത് വലിയ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്.
എന്നാല്‍ പിന്നീട് യുവ ഡോക്ടര്‍ വേടനെതിരേ പരാതിയുമായി രംഗത്തു വരികയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം എന്നാണ് യുവ ഡോക്ടറുടെ പരാതി. ഇതേതുടര്‍ന്നാണ് വേടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുന്നതും വിശദമായി ചോദ്യം ചെയ്യുന്നതും. യുവ ഡോക്ടറുടെ പരാതിക്കു പിന്നാലെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ കൂടി വേടനെതിരേ ലൈംഗികാതിക്രമ പരാതികള്‍ മുഖ്യമന്ത്രിക്കു നല്‍കുകയായിരുന്നു.












Click it and Unblock the Notifications