കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കാനിരുന്ന വേടന്റെ സംഗീതനിശ മാറ്റിവച്ചു; കാരണം പൊലീസ് നടപടി ഭയന്ന്?
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായതിനു പിന്നാലെ റാപ്പര്‍ വേടന്‍ ഒളിവില്‍. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ നടത്താനിരുന്ന സംഗീത പരിപാടി മാറ്റിവച്ചു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ശനിയാഴ്ചയാണ് വേടന്റെ പരിപാടി നടക്കാനിരുന്നത്. പരിപാടിക്കെത്തിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയത്താലാണ് സംഗീത പരിപാടി മാറ്റിവച്ചത്.
ബോള്‍ഗാട്ടി പാലസില്‍ ഓളം ലൈവ് എന്ന പേരിലാണ് പരിപാടി നടത്താനിരുന്നത്. കാണികളുടെ വലിയ പങ്കാളിത്തവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വേടനെതിരേ യുവ ഡോക്ടറുടെ പരാതിയെതുടര്‍ന്ന് ബലാത്സംഗത്തിന് പൊലീസ് കേസ് എടുത്തിരുന്നു. ഇതേതുടര്‍ന്ന വേടന്‍ ഒളിവില്‍ പോയി. ഇതോടെയാണ് പരിപാടി മാറ്റിവയ്ക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി പരിപാടികളാണ് വേടന്‍ നടത്തിയിട്ടുള്ളത്. കുട്ടികള്‍ ഉള്‍പ്പെടെ വലിയ ജനപങ്കാളിത്തവും പരിപാടികളില്‍ ഉണ്ടാകാറുണ്ട്. പുലിപ്പല്ലു കൈവശം വച്ച കേസില്‍ വേടന്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. ലഹരി ഉപയോഗവുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുമ്പോഴാണ് ബലാത്സംഗ പരാതി ഉയരുന്നത്. നേരത്തെ വേടനെതിരേ മിടു ആരോപണവും ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് സംഗീത പരിപാടികളില്‍ സജീവമാകുമ്പോഴാണ് യുവ ഡോക്ടറുടെ പരാതിയില്‍ ഒളിവില്‍ പോകേണ്ടി വന്നത്.
തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. പരിപാടിക്കെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസില്‍ ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അതേസമയം, വേടനുമായുള്ള യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് കണ്ടെത്തി. അഞ്ച് തവണയാണ് പീഡനം നടന്നത്. കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് വേടന്‍ പീഡനത്തിരയാക്കിയതായാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷമാണ് പീഡിപ്പിച്ചത്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കാന്‍ തുടങ്ങി. വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി. പിന്‍മാറ്റം തന്നെ മാനസികമായി തകര്‍ത്തതായും അതു പിന്നീട് ഡിപ്രഷനിലേക്ക് എത്തിപ്പെട്ടതായും യുവതി പറയുന്നു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. പണം കൈമാറിയതിന്റെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications