പിഞ്ചുകുഞ്ഞുമായി ചീറിപ്പാഞ്ഞ ആംബുലൻസിന് വഴികൊടുത്തില്ല! ഫോർഡ് കാറോടിച്ച യുവാവ് പിടിയിൽ...
ശ്വാസതടസം മൂലം അവശനിലയിലായ നവജാത ശിശുവുമായി പെരുമ്പാവൂരിൽ നിന്നും കളമശേരിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് നിർമ്മൽ ജോസ് മാർഗതടസമുണ്ടാക്കിയത്.
Recommended Video

കൊച്ചി: ആംബുലൻസിന് വഴികൊടുക്കാതെ കാറോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഡിവൈഎസ്പി ഓഫീസിന് സമീപം പൈനാടത്ത് വീട്ടിൽ നിർമ്മൽ ജോസിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന കെഎൽ 17 എൽ 202 ഫോർഡ് എക്കോ സ്പോർട്ട് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ശ്വാസതടസം മൂലം അവശനിലയിലായ നവജാത ശിശുവുമായി പെരുമ്പാവൂരിൽ നിന്നും കളമശേരിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് നിർമ്മൽ ജോസ് മാർഗതടസമുണ്ടാക്കിയത്. സാധാരണ 15 മിനിറ്റുകൊണ്ട് കളമശേരി മെഡിക്കൽ കോളേജിലെത്തേണ്ട ആംബുലൻസ്, മാർഗതടസം നേരിട്ടതിനെ തുടർന്ന് 35 മിനിറ്റുകൊണ്ടാണ് ആശുപത്രിയിലെത്തിയത്.

ദൃശ്യങ്ങൾ....
വഴികൊടുക്കാതെ മാർഗതടസമുണ്ടാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങളും, ആംബുലൻസ് ഡ്രൈവർ മധുവിന്റെ പ്രതികരണവും ആംബുലൻസിലുണ്ടായിരുന്ന മറ്റൊരാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് സമൂഹത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വലിയ വിമർശനമാണുണ്ടായത്.

കൊച്ചിൻ ബാങ്ക് വരെ....
രാജഗിരി ആശുപത്രി മുതൽ കൊച്ചിൻ ബാങ്ക് വരെ കിലോമീറ്ററുകളോളം ദൂരമാണ് നിർമ്മൽ ജോസ് ആംബുലൻസിന് വഴികൊടുക്കാതെ കാറോടിച്ചത്.

വഴി മാറിയതോടെ...
കിലോമീറ്ററുകളോളം കാറിന് പിന്നിലകപ്പെട്ട ആംബുലൻസിന് കൊച്ചിൻ ബാങ്കിൽ നിന്ന് എൻഎഡി റോഡിലേക്ക് തിരിഞ്ഞതോടെയാണ് വേഗത്തിൽ പോകാനായത്.

പോലീസ് കേസ്...
ആംബുലൻസ് വഴികൊടുക്കാതെ ചീറിപ്പാഞ്ഞു പോകുന്ന കാറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ആലുവ ഡിവൈഎസ്പി എടത്തല പോലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്.

പിടിയിൽ...
തുടർന്ന് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ എടത്തല പോലീസ് നിർമ്മൽ ജോസിനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

കാർ ഉടമ...
പ്രതി നിർമ്മൽ ജോസിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ആലുവ ജോയിന്റ് ആർടിഒ അറിയിച്ചിട്ടുണ്ട്. അതേസമയം, ഫോർഡ് എക്കോ സ്പോർട്ട് കാർ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കാർ ഉടമയ്ക്ക് നോട്ടീസ് അയക്കുകയും, വിശദീകരണം കേട്ട ശേഷം നടപടിയെടുക്കുമെന്നും ആർടിഒ അറിയിച്ചു.












Click it and Unblock the Notifications