രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച് ഉത്തരവ്, സിവിൽ സർവീസ് തലത്തിൽ വൻ അഴിച്ചുപണി
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സേവനമനുഷ്ഠിച്ചുവരവെയാണ് അദ്ദേഹത്തെ ഈ സുപ്രധാന പദവിയിലേക്ക് നിയമിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മഹാരാഷ്ട്ര സ്വദേശിയായ രത്തൻ ഖേൽക്കർ 2003 ബാച്ച് കേരള കേഡർ ഐഎഎസ് ഓഫീസറാണ്. മുൻപ് സംസ്ഥാന സർക്കാരിന്റെ വിവിധ പ്രധാന വകുപ്പുകളിൽ അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. രത്തൻ ഖേൽക്കറുടെ നിയമനം ഇതിനകം വിവാദമായിട്ടുണ്ട്. സിപിഎം അടക്കം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തും മാറ്റങ്ങളുണ്ട്. 6 ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ നിരവധി പ്രധാന പദവികളിലേക്കും പുതിയ നിയമന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച പുറത്തിറങ്ങിയ പുതിയ ഉത്തരവ് പ്രകാരം പ്രധാന പദവികൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥരെയാണ് മാറ്റിനിയമിച്ചത്. ആകെ 14 സിവിൽ സർവീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. തിങ്കളാഴ്ച (25.05.26) ഇവർ ചുമതലയേൽക്കണമെന്നാണ് നിർദ്ദേശം.

പി.ബി. നൂഹിനെ പുതിയ ജി.എസ്.ടി കമ്മീഷണറായി നിയമിച്ചു. ജി.എസ്.ടി കമ്മീഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത്‌റാവുവിനെ ധനകാര്യ വകുപ്പ് സെക്രട്ടറിയായി മാറ്റി. ഗതാഗത വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായിരുന്ന പി.ബി. നൂഹ് പകരം ജി.എസ്.ടി കമ്മീഷണറായി ചുമതലയേൽക്കും.
മുൻ ആലപ്പുഴ കളക്ടർ കെ. ഇമ്പശേഖരനെ വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. കൊച്ചി സ്മാർട്ട് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഷാജി വി. നായരാണ് പുതിയ ആലപ്പുഴ കളക്ടർ.
കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി മാറ്റി. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന വിഷ്ണുരാജ് പി. പുതിയ കണ്ണൂർ ജില്ലാ കളക്ടറാകും.
കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗിനെ പ്രവേശന പരീക്ഷാ കമ്മീഷണറായി നിയമിച്ചു. മുൻ പാലക്കാട് കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് പുതിയ കോഴിക്കോട് ജില്ലാ കളക്ടർ. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ കെ. സുധീർ പാലക്കാട് ജില്ലാ കളക്ടറായി ചുമതലയേൽക്കും.
പത്തനംതിട്ട കളക്ടർ എസ്. പ്രേം കൃഷ്ണനെ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ഡയറക്ടറായ എ. നിസാമുദ്ദീനാണ് പകരം പുതിയ പത്തനംതിട്ട ജില്ലാ കളക്ടറാകുന്നത്.
മുൻ കൊല്ലം കളക്ടർ എൻ. ദേവിദാസിനെ കില ഡയറക്ടറായി നിയമിച്ചു. വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയായ ആനി ജൂല തോമസാണ് പുതിയ കൊല്ലം ജില്ലാ കളക്ടർ.
ആലപ്പുഴ സബ് കളക്ടർ സമീർ കിഷനെ വ്യവസായ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. പുതുതായി നിയമിതരായ ജില്ലാ കളക്ടർമാരിൽ, പാലക്കാട് കളക്ടറായിരുന്ന എം.എസ്. മാധവിക്കുട്ടിയെ മാത്രമാണ് മറ്റൊരു ജില്ലയിലേക്ക് കളക്ടറായി മാറ്റി നിയമിച്ചിട്ടുള്ളത്. ബാക്കി അഞ്ച് പേരെയും വിവിധ സർക്കാർ വകുപ്പുകളിലേക്കാണ് മാറ്റിയിരിക്കുന്നത്.














Click it and Unblock the Notifications