രത്തൻ ഖേൽക്കറുടെ നിയമനം: വി ഡി സതീശന്റെ വാദങ്ങൾ വിചിത്രം,രാഹുൽ ഗാന്ധിക്ക് പോലും ബോധ്യപ്പെടില്ലെന്ന് ഇപി ജയരാജൻ
കേരളത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ഇപി ജയരാജൻ. രത്തൻ ഖേൽക്കറുടെ നിയമനത്തെ ന്യായീകരിച്ച് കൊണ്ട് വിഡി സതീശൻ നിരത്തുന്ന വാദങ്ങൾ വിചിത്രമാണെന്ന് ഇപി ജയരാജൻ പ്രതികരിച്ചു.
ഇപി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' രത്തൻ ഖേൽക്കറെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ നിരത്തിയ വാദങ്ങൾ വിചിത്രമാണ്. ഈ ന്യായീകരണം സ്വന്തം നേതാവായ രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പോലും ബോധ്യപ്പെടുമെന്ന് തോന്നുന്നില്ല. മുമ്പും ഇത്തരം നിയമനങ്ങളുണ്ടായിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാൻ നളിനി നെറ്റോയുടെ പോസ്റ്റിംഗ് ആണ് ഉദാഹരിച്ചത്.
ചീഫ് ഇലക്ട്രൽ ഓഫീസർ ആയിരുന്ന നളിനി നെറ്റോ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ നിയമിതയായിട്ടില്ല. ആ പോസ്റ്റിലെ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമാണ് തിരിച്ച് എത്തിയത്. പിന്നീട് ഹോം സെക്രട്ടറിയായി ആയിരുന്നു നിയമനം. അതുപോലെയാണോ ഇത്. കാലാവധി കഴിയും മുമ്പ് വളരെ തിടുക്കത്തിൽ തിരിച്ച് കൊണ്ടുവന്ന് സ്വന്തം പ്രൈവറ്റ് സെക്രട്ടറി ആക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാട് എടുക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥൻ അത് കഴിഞ്ഞ് ചൂടാറും മുമ്പ് ഒരു കക്ഷിയുടെ നേതാവിൻ്റെ പഴ്സണൽ സ്റ്റാഫ് ആവുകയെന്നത് വിചിത്രവും ദുരൂഹവുമാണ്.

ഇതൊരു സ്വാഭാവിക സംഗതി ആണെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. അങ്ങനെ എങ്കിൽ അദ്ദേഹത്തെ ഏതെങ്കിലും വകുപ്പിൻ്റെ സെക്രട്ടറിയാണ് ആക്കുകയാണ് വേണ്ടത്. മറിച്ച് സ്വന്തം ഓഫീസിൽ നിയമിക്കുകയായിരുന്നില്ല. മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇദ്ദേഹത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ പാനലിൽ ഉൾപ്പെടുത്തിയതെന്നതും നുണയാണ്. ചീഫ് ഇലക്ടൽ ഓഫീസർ നിയമനത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പാനൽ നൽകുക എന്നത് വെറും നടപടി ക്രമം മാത്രമാണ് മുൻ സർക്കാർ ചെയ്തത്. അത് ഏതെങ്കിലും താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലല്ല. അതിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷനാണ്. ബിജെപി താൽപര്യമനുസരിച്ച് മാത്രമായിരിക്കും നിയമനവും. അതിനെ വക്രീകരിക്കുന്നതും രാഷ്ട്രീയ പാപ്പരത്തമാണ്.
എസ്ഐആർ വിഷയത്തിൽ ബംഗാളിലെ പോലെയല്ല കേരളത്തിൽ നടന്നതെന്നാണ് മറ്റൊരു വാദമായി മുഖ്യമന്ത്രി പറയുന്നത്. ബംഗാളിലെ തോതിലല്ലെങ്കിലും കേരളത്തിലും ലക്ഷക്കണക്കിന് വോട്ടർമാർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായിട്ടുണ്ട്. ഇത് ബിജെപിക്ക് വേണ്ടി നടത്തിയ രാഷ്ട്രീയക്കളിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉൾപ്പെടെ എസ്ഐആർ വിഷയം ഉയർത്തിക്കാട്ടി ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രചാരണം നടത്തിയത് യുഡിഎഫാണ്.
എന്നാൽ ആ തീവ്ര വോട്ടർ പട്ടിക പരിശോധനയ്ക്ക് നേതൃത്വം കൊടുത്തയാളെ ഇപ്പോൾ പച്ചയായി ന്യായീകരിക്കുകയാണ്. ബംഗാളിലെ പോലെ കേരളത്തിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്ന പരാതിയിൽ കഴമ്പുണ്ട്. ഇതിൽ യുഡിഎഫിൻ്റെ പങ്കും ഇപ്പോൾ സംശയത്തിൻ്റെ മുനയിലായിരിക്കുകയാണ്. ഖേൽക്കർക്കെതിരെ സിപിഐ എം പരാതിപ്പെട്ടില്ല എന്നതാണ് മറ്റൊരു നുണ. ധൃതി പിടിച്ചുള്ള തീവ്ര വോട്ടർ പട്ടിക പരിശോധന, തെരഞ്ഞെടുപ്പ് കമീഷൻ്റെ ലറ്റർ പാഡിൽ ബിജെപി സീൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സിപിഐ എം പരാതി ഉന്നയിച്ചത് മുഖ്യമന്ത്രി മന. പൂർവം മൂടിവെക്കുകയാണ്.
ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ഈ നിയമനം സുതാര്യമല്ല എന്ന് മാത്രമല്ല ദുരൂഹവും സംശയാസ്പദവുമാണ്. വന്ദേമാതരം ചൊല്ലൽ, എ ജി നിയമനം, വിവാദ മംഗ്ളൂർ യാത്ര തുടങ്ങിയവ കൂടി പരിശോധിക്കുമ്പോൾ സതീശൻ - ബിജെപി ഒത്തുകളി കൂടി സംശയിക്കേണ്ടിയിരിക്കുന്നു''.














Click it and Unblock the Notifications