ഇന്ന് മുതൽ ഡിജിറ്റൽ ആർസി; ഡിജി ലോക്കർ, എം പരിവാഹൻ എന്നിവയിൽ പകര്‍പ്പ് ലഭിക്കും
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന് പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്ട്രേഷൻ രേഖകളും ( ആർ സി ) മാർച്ച് ഒന്ന് ശനിയാഴ്ച മുതൽ ഡിജിറ്റലായി മാറും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ പാകത്തിൽ സോഫ്റ്റ് വെയറിൽ മാറ്റംവരുത്തി. കേന്ദ്ര സർക്കാർ മൊബൈൽ ആപ്പുകളായ ഡിജി ലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ സി ഡിജിറ്റൽ പകർപ്പ് ലഭിക്കും.
അച്ചടി തടസ്സപ്പെട്ടതിനാൽ കുടശ്ശികയുള്ള 10 ലക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നൽകും. കാർഡിനുള്ള തുക ഈടാക്കിയിട്ടുള്ളതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അച്ചടിക്കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതിനെ തുടർന്നാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്.

10 കോടി രൂപയോളം കുടിശ്ശികയുണ്ട്. ഇത് നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തി വെച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായി ഒഴിവാക്കി ഡിജിറ്റലിലേക്ക് മാറാൻ സർക്കാർ തീരുമാനിച്ചത്. ആർ സി ഡിജിറ്റലായി മാറുന്നതോടെ അച്ചടി ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തിക നേട്ടം വാഹന ഉടമയ്ക്ക് ലഭിക്കില്ല.
ഫീസ് ഇനത്തിൽ സർക്കാരിനുള്ള വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവീസ് ചാർജ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിലും ഇതേ രീതി അവലംബിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ സർക്കാരിന് നഷ്ടം ഉണ്ടാകരുതെന്ന നിലപാട് എടുത്തതിനെ തുടർന്നാണ് ഈ രീതി.
നേരത്തെ ആർ സി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആർ സി ലഭിക്കും. അതേ സമയം വാഹനങ്ങൾ കൈമാറ്റം ചെയ്ത ശേഷവും ആർ സി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാത്ത സാഹചര്യം ഉണ്ടെന്നും ഇതൊഴിവാക്കാനായി വാഹന ഉടമകൾ ഫെബ്രുവരിയിൽ തന്നെ നമ്പറുകൾ അപ്ഡേറ്റ് ചെയ്യണമെന്നും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.
അതേ സമയം ഇപ്പോൾ ഡിജിറ്റലായിട്ടാണ് ലൈസൻസ് നൽകുന്നത്. നേരത്തെ ലൈസൻസ് പ്രിന്റ് ചെയ്ത് തപാലിലാണ് അയച്ചിരുന്നത്. ഇത് ഒഴിവാക്കിയാണ് ലൈസൻസ് ഡിജിറ്റലാക്കിയത്.
ലൈസൻസ് ഡിജിറ്റലാക്കിയിരുന്നെങ്കിലും ആർ സി ബുക്ക് പ്രിന്റ് ചെയ്ത് നൽകുകയായിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ ആർ സി ബുക്ക് ചെയ്ത് നൽകുന്ന രീതി ഇതോടെ അവസാനിക്കും.












Click it and Unblock the Notifications