പാലക്കാട് ഫലത്തെ കുറിച്ചുള്ള പ്രതികരണം; അതൃപ്തി പുകഞ്ഞു, പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവനയെ ചൊല്ലി ലീഗ്-സമസ്ത പോര് രൂക്ഷം. പി സരിന്റെ പരാജയത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ പരോക്ഷമായി പരിഹസിച്ചുള്ള സലാമിന്റെ വാക്കുകളാണ് വിവാദമായത്.

കുവൈത്തിൽ വെച്ച് നടന്ന വിജയാഹ്ലാദ പരിപാടിക്കിടെയായിരുന്നു സലാമിന്റെ പരാമർശം. സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ പി സരിൻ മൂന്നാമതായെന്നും മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു സലാം പറഞ്ഞത്. ഇതോടെ സമസ്ത നേതൃത്വം ലീഗിനെതിരെ രംഗത്തെത്തുകയായിരുന്നു. സമസ്തയുടെ പണ്ഡിതരെ അപമാനിക്കാൻ സലഫി ആശയക്കാരനായ പി എം എ സലാം മുസ്ലിം ലീഗിനെ മറയാക്കുന്നെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിക്കുമെന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.
അതേസമയം പരാമർശത്തിൽ ലീഗിന് ഉള്ളിലും അതൃപ്തി പുകഞ്ഞതോടെ സലാമിനെ നേതൃത്വം തള്ളിപ്പറഞ്ഞു. സലാം പറഞ്ഞത് ലീഗ് നിലപാട് അല്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടി ഇന്ന് പ്രതികരിച്ചത്. അതിനിടെ തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് സലാമും വിശദീകരിച്ചു. താൻ ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെ അല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നുമാണ് സലാം പറഞ്ഞത്. താൻ ജിഫ്രി തങ്ങൾക്കെതിരെ സംസാരിച്ചുവെന്ന പ്രചാരവേല അദ്ദേഹത്തെ അപമാനിക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്നും പിഎംഎ സലാം പറഞ്ഞു.












Click it and Unblock the Notifications