ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് മത്സരിക്കാൻ തയ്യാറുണ്ടോ?, വിഡി സതീശനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി
പ്രതിപക്ഷ നേതാവ് വിഡി സതീശനെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാൻ വെല്ലുവിളിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്ന ഏക നിയമസഭാ മണ്ഡലമാണ് ബിജെപി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് നേമത്ത് ബിജെപിയുടെ ഓ രാജഗോപാൽ വിജയിച്ചത്. 2021ൽ വി ശിവൻകുട്ടി ബിജെപിയിൽ നിന്ന് നേമം തിരിച്ച് പിടിച്ചു.
വിഡി സതീശൻ ശരിക്കും ഒരു സംഘപരിവാർ വിരുദ്ധനാണെങ്കിൽ നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് വി ശിവൻകുട്ടി തുറന്നടിച്ചു. വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാകില്ലെന്നും മന്ത്രി കുറിച്ചു. കഴിഞ്ഞ ദിവസം വിഡി സതീശന്റെ ഭാഗത്ത് നിന്നും വി ശിവൻകുട്ടിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനയുണ്ടായത് വിവാദമായിരുന്നു. താൻ ആർഎസ്എസിനെതിരെ പൊരുതുന്ന സമയത്ത് വി ഡി സതീശൻ വള്ളി നിക്കറിട്ട് നടക്കുകയായിരുന്നുവെന്നാണ് വി ശിവൻകുട്ടി തിരിച്ചടിച്ചത്.
വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''സംഘപരിവാറിനെതിരെ പോരാടുന്ന വലിയ 'യോദ്ധാവായി' സ്വയം ചമയാൻ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ നടത്തുന്ന ശ്രമങ്ങൾ കൗതുകകരമാണ്. ബിജെപിയോടുള്ള മൃദുസമീപനവും കോൺഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളിൽ ഇരുന്നു വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ല.

യഥാർത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ മണ്ണിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ, പ്രതിപക്ഷ നേതാവിനെ ഞാൻ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു. ശ്രീ. വി.ഡി സതീശൻ ശരിക്കും ഒരു സംഘപരിവാർ വിരുദ്ധനാണെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കൽ വിജയിച്ച നേമം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം തയ്യാറാകണം.
വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ, വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാൻ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളേക്കാൾ, നിലപാടുകൾ പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ള ആർജ്ജവമാണ് ഒരു നേതാവിന് വേണ്ടത്. വി ഡി സതീശൻ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്ളോസ് ചെയ്ത ബിജെപിയുടെ അക്കൗണ്ട് തുറക്കാൻ ഇടതുപക്ഷം അനുവദിക്കില്ല. വിജയിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിരിക്കും''.












Click it and Unblock the Notifications