തോന്ന്യാസം! അഹങ്കാരം!! തല്ലുകൊള്ളിത്തരം'; മാധ്യമങ്ങൾക്കെതിരെ പിഎം മനോജ്
മാധ്യമങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറിയായിരുന്ന പിഎം മനോജ്. കഴിഞ്ഞ ദിവസം കേരള ഹൌസിൽ വെച്ച് മാധ്യമങ്ങൾ പിണറായിയോട് ചോദ്യങ്ങൾ ഉയർത്തിയപ്പോൾ അദ്ദേഹം ക്ഷുഭിതനായിരുന്നു. ഇതിനെ വിമർശിച്ചുള്ള മാധ്യമ വാർത്തകൾക്കെതിരെയാണ് മനോജിൻ്റെ പ്രതികരണം.
മൈക്ക് കാണുന്നിടത്തൊക്കെ തല നീട്ടി വച്ചുകൊടുത്തു തനിക്ക് വേണ്ടുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് പറയുന്ന പ്രചാരണ രീതിയോ രാഷ്ട്രീയപ്രവർത്തന രീതിയോ പിന്തുടരുന്ന ആളല്ല പിണറായി വിജയനെന്നും എന്നിട്ടും എന്തിനാണ് ഇതുപോലെ പിന്തുടർന്ന് അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാനുള്ള ദൃശ്യങ്ങൾ സൃഷ്ടിച്ചെടുക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും പിഎം മനോജ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം.

'തോന്ന്യാസം! അഹങ്കാരം!! തല്ലുകൊള്ളിത്തരം!!! ഇങ്ങനെയുള്ള സരളമായ വിശേഷണങ്ങൾ പരിധിയില്ലാതെ ഏറ്റുവാങ്ങാനും കഴുത്തിൽ അണിയാനും പറ്റുന്നവരാണ് മാധ്യമ പ്രവർത്തകരെന്നോ മാധ്യമങ്ങൾ എന്നോ കരുതേണ്ട ഒരു അവസ്ഥ ഇന്ന് കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിന് നിലനിൽക്കുന്നുണ്ട്.
ഒറ്റ ഉദാഹരണം പറയാം.
വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായി. പ്രതിപക്ഷ നേതാവ് ദുരന്തം സന്ദർശിച്ചു.
അതിനുശേഷം വാർത്ത സമ്മേളനം നടത്തി. ആ വാർത്ത സമ്മേളനത്തിന്റെ സംപ്രേഷണം സംപൂജ്യ ചാനലുകളിൽ പൂജ്യം! അതേ പ്രതിപക്ഷ നേതാവ് പാർട്ടി ഉന്നത യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തി. അദ്ദേഹത്തിൻറെ പിന്നാലെ വടിയും പിടിച്ച് ചാടുകയും ഓടുകയും ചെയ്യുന്ന മാധ്യമം പ്രവർത്തകർ.
എനിക്ക് പറയാനുള്ളത് ഞാൻ നിങ്ങളെ വിളിച്ചു പറയും എന്ന് പറഞ്ഞ് , നടന്ന് നീങ്ങുന്ന അദ്ദേഹത്തിൻറെ ദൃശ്യങ്ങൾ നമ്മുടെ സംപൂജ്യ ചാനലുകളിൽ സുലഭം...സമൃദ്ധം!!!
ഒന്ന് സ്വയം താരതമ്യം ചെയ്തു നോക്കുക. പ്രതിപക്ഷ നേതാവ് കാറിൽ കയറുമ്പോൾ പിന്നെയും വടിയുമായി കൂട്ടം കൂടിയുള്ള ഇടിച്ചു കയറ്റം. കാറിലേക്ക് കാലെടുത്തു വയ്ക്കുന്നതിന് മുമ്പ് തന്നെ ഡോർ അടക്കാൻ ശ്രമിക്കുകയും അതിൽ അദ്ദേഹത്തിന് പ്രതികരിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ! ആ സമയത്തെ അദ്ദേഹത്തിൻറെ മുഖഭാവങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്ത് അത് പിണറായി വിജയൻ്റെ ധിക്കാരമാണ് അഹങ്കാരമാണ് ധാർഷ്ട്യമാണ് എന്ന പ്രചാരണം.
സിപിഐഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും ഇപ്പോൾ പ്രതിപക്ഷ നേതാവ് എന്ന നിലയിലും തനിക്ക് പറയേണ്ടുന്ന കാര്യങ്ങൾ മാധ്യമങ്ങളെ വിളിച്ചു കൂട്ടി വളരെ വിശദമായി പറയുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്ന രീതിയാണ് പിണറായി വിജയൻ എന്നും പിന്തുടർന്നിട്ടുള്ളത്.
അഥവാ വാർത്താസമ്മേളനത്തിൽ അല്ലാതെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് മാധ്യമങ്ങളെ അറിയിച്ചു തന്നെയാണ് വരുന്നവരുടെ മൈക്കിനു മുന്നിൽ പ്രതികരിക്കാറുള്ളത്.
അതല്ലാതെ മൈക്ക് കാണുന്നിടത്തൊക്കെ തല നീട്ടി വച്ചുകൊടുത്തു തനിക്ക് വേണ്ടുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് പറയുന്ന പ്രചാരണ രീതിയോ രാഷ്ട്രീയപ്രവർത്തന രീതിയോ പിണറായി വിജയൻ നിന്ന് ഇതുവരെ കണ്ടിട്ടില്ല.
എന്നിട്ടും എന്തിനാണ് ഇതുപോലെ പിന്തുടർന്ന് അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാനുള്ള ദൃശ്യങ്ങൾ സൃഷ്ടിച്ചെടുക്കാൻ നിങ്ങൾ ശ്രമിക്കുന്നത്?
എന്തിനാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാത്ത ആൾ എന്ന പ്രതീതി കൃത്രിമമായി ഉണ്ടാക്കാൻ ശ്രമിക്കുന്നത്?
എല്ലാദിവസവും വാർത്താസമ്മേളനം നടത്തി എല്ലാ മാധ്യമങ്ങളോടും ഒരു മണിക്കൂർ സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്ത ഒരു ഭരണാധികാരി വേറെയുണ്ടോ? കേരളത്തിൽ അങ്ങനെ ഒരാളെ കാണിക്കാൻ പറ്റുമോ? ഇന്ത്യയിൽ ? പിണറായി വിജയന് മാധ്യമങ്ങളോട് സംസാരിക്കാനോ പ്രസംഗിക്കാനോ ഒരു കുറിപ്പിന്റെയും ആവശ്യമില്ല. മാധ്യമപ്രവർത്തകർക്ക് ആകെ അറിയാം അദ്ദേഹം പറയുന്ന കാര്യങ്ങൾ അതേപടി റിപ്പോർട്ട് ചെയ്യാൻ പാകത്തിലുള്ളതാണ് എന്ന് .
കുറിപ്പും നോട്ടും ഒക്കെ വേണ്ടി വരുന്നത് കാര്യങ്ങൾ വളരെ ചുരുക്കി പറയാനും എല്ലാം പറഞ്ഞു എന്ന് ഉറപ്പുവരുത്താനും നിർബന്ധിതമാകുന്ന സാഹചര്യത്തിലാണ്.
മറുപടികളിലും പ്രസ്താവനങ്ങളിലും എല്ലാ വസ്തുതകളും സൂചിപ്പിക്കുകയും വേണം എന്ന് നിർബന്ധം ഉണ്ടാകുന്ന സാഹചര്യത്തിലും ആണ്. അല്ലാതെ ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച ചോദ്യത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നിട്ടുണ്ടോ?
താൻ മനോരമയല്ലേ
താൻ മാതൃഭൂമിയിൽ നിന്നല്ലേ
താൻ ഏഷ്യാനെറ്റ് അല്ലേ
എന്ന തരത്തിലുള്ള മറുചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടുണ്ടോ?
നിങ്ങൾക്ക് പിണറായി വിജയൻ എന്ന നേതാവിനെ ജനങ്ങൾക്കിടയിൽ ഇകഴ്ത്തി കാണിക്കണം; രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കണം എന്ന ആഗ്രഹമൊക്കെ ഉണ്ടാകാം. അല്ലെങ്കിൽ അങ്ങനെ ആഗ്രഹം ഉണ്ടാക്കാനുള്ള പ്രതിഫലവും പറ്റിയിട്ടുണ്ടാകാം. പക്ഷേ ഇതൊക്കെ ഈ കേരളത്തിലെ സാധാരണ ജനങ്ങളുടെ മുന്നിലാണ് നിങ്ങൾ എടുത്തിടുന്നത് എന്ന ധാരണ -അത് ഇല്ലെങ്കിൽ സംഗതി അല്പം വിഷമമാകും. പിണറായിയും സിപിഐഎമ്മും ഓഡിറ്റ് ചെയ്യപ്പെട്ടാൽ മതി;
ആ ചെലവിൽ യുഡിഎഫിനെ അങ്ങ് രക്ഷിച്ചെടുക്കാം എന്നതാണ് നിങ്ങൾ ഏറ്റെടുത്ത കൊട്ടേഷൻ എങ്കിൽ ഇവിടെ ഒരു ജനാധിപത്യ സമൂഹം നിശ്ചലരായി നിര്‍ന്നിമേഷരായി അത് കണ്ടു നിൽക്കും എന്ന മിഥ്യാധാരണ വേണ്ടതില്ല.
നിങ്ങളെപ്പോലുള്ള കാപട്യക്കാരെ തുടർന്ന് കാട്ടാനുള്ള ജനാധിപത്യപരമായ ശേഷി ഉള്ളവർ തന്നെയാണ് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്നത്; പ്രസ്ഥാനത്തിന് അകത്തു നിൽക്കുന്നത് എന്ന് കരുതുന്നത് നല്ലതാണ് എന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു'.












Click it and Unblock the Notifications