ഹരിദാസന്റെ കാശ് തട്ടിയെടുക്കാനാണ് ശ്രമിച്ചത് എന്ന് ബാസിത്ത്; 'അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ല'
തിരുവനന്തപുരം: നിയമന കോഴ വിവാദത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പി എ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലന്ന് കഴിഞ്ഞ ദിവസം പിടിയിലായ ബാസിതും. കന്റോണ്‍മെന്റ് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബാസിത് ഇക്കാര്യം വ്യക്തമാക്കിയത്. ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത് എന്നാണ് ബാസിത് പറയുന്നത്.
മന്ത്രിയുടെ പി എയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് ബാസിത് ആണ് എന്ന് നേരത്തെ സംശയുണ്ടായിരുന്നു. ഇക്കാര്യവും ബാസിത് പൊലീസിനോട് സ്ഥിരീകരിച്ചു. ബാസിതിനെ റിമാന്‍ഡ് ചെയ്ത് നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്‌തേക്കാനാണ് സാധ്യത. അതേസമയം നിയമന കോഴ കേസിലെ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണ് എന്നാണ് പൊലീസ് ഭാഷ്യം.

Image Credit: Screengrab/Mathrubhumi News
ബാസിത്തും റഹീസും ലെനിനും ചേര്‍ന്നാണ് അഖില്‍ സജീവിനെ കൊണ്ട് ഹരിദാസനെ ഫോണ്‍ വിളിപ്പിച്ചത്. ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാന്‍ നിര്‍ദ്ദേശിച്ചത് ബാസിത്താണ്. നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെയും പിഎയെയും അപകീര്‍ത്തിപ്പെടുത്താനും പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെയും മുഖ്യ സൂത്രധാരന്‍ ബാസിത്താണ് എന്നും പൊലീസ് അറിയിച്ചു.
അതിനിടെ അഖില്‍ സജീവ് തന്നെ നേരില്‍ വന്ന് കണ്ടുവെന്ന മൊഴി തിരുത്തി വീണ്ടും പരാതിക്കാരന്‍ ഹരിദാസ് രംഗത്തെത്തി. മാര്‍ച്ച് 10 ന് മലപ്പുറത്തെ വീട്ടില്‍ അഖില്‍ സജീവന്‍ നേരിട്ടെത്തി നിയമനം വാദ്ഗാനം ചെയ്ത ശേഷം പണം നല്‍കി എന്നായിരുന്നു ഹരിദാസന്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഹരിദാസന്‍ ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്. നേരത്തെ അഖില്‍ സജീവിന് പണം നല്‍കി എന്ന മൊഴിയും ഹരിദാസന്‍ തിരുത്തിയിരുന്നു.
ഇന്നേവരെ അഖില്‍ സജീവനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ഹരിദാസന്‍ ഇപ്പോള്‍ പറയുന്നത്. ഇന്നലെയാണ് ബാസിതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് മഞ്ചേരിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നിയമന കോഴക്ക് പിന്നില്‍ നേരത്തെ തന്നെ ഗൂഢാലോചന സംശയം ആരോഗ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസും ഈ വഴിക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ പേര് പറഞ്ഞാല്‍ അന്വേഷണം ഉണ്ടാകില്ലെന്ന് ബാസിത് തന്നെ ധരിപ്പിച്ചതായി ഹരിദാസന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നല്‍കിയത് ബാസിത് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നും മരുമകള്‍ക്കായി അപേക്ഷ നല്‍കിയപ്പോള്‍ തന്നെ ഒരു ലക്ഷം രൂപ ബാസിത്തിന് നല്‍കിയെന്നുമാണ് ഹരിദാസന്‍ ഇപ്പോള്‍ പറയുന്നത്.












Click it and Unblock the Notifications