പിഎസ്‌സിയുടെ പേരിൽ നിയമനത്തട്ടിപ്പ്; പ്രതികളിലൊരാൾ കീഴടങ്ങി
തിരുവനന്തപുരം: പി എസ് സിയുടെ പേരിൽ നിയമനത്തട്ടിപ്പ് നടത്തിയ പ്രതികളിലൊരാൾ അറസ്റ്റിൽ. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്‍മിയാണ് പിടിയിലായത്. ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാർഥികളിൽ നിന്നും പണം പിരിച്ചത്. മുഖ്യ പ്രതി രാജലക്ഷ്മിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ക്ലർക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2 മുതൽ 4.5 ലക്ഷം രൂപ വരെ ഇവർ ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തിരുന്നു. തട്ടിപ്പ് നടത്താനായി പ്രതികൾ പ്രത്യേക വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു.84 അംഗങ്ങളായിരുന്നു ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഉദ്യോഗാർത്ഥികളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു ഇവർ പണം ആവശ്യപ്പെട്ടത്.

ഓൺലൈനായിട്ടാണ് പലരും പണം കൈമാറിയിരിക്കുന്നത്. നിയമന ഉത്തരവുമായി വകുപ്പുകളിൽ ചെന്നപ്പോഴാണ് വലിയ തട്ടിപ്പിനാണ് ഇരയായതെന്ന് പറ്റിക്കപ്പെട്ടവർ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ പോലീസിന് പരാതി നൽകുകയായിരുന്നു. 15 പേരാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്. മറ്റ് പലർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ മാനഹാനി ഭയന്ന് പലരും പണം നഷ്ടപ്പെട്ട വിവരം പുറത്തുപറയാൻ തയ്യാറായിട്ടില്ല. മാത്രമല്ല തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായതോടെ ഗ്രൂപ്പുകളിൽ നിന്ന് സ്വയം പുറത്താവുകയും ചെയ്തു. ചിലരെ അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെങ്കിലും ഇവർ വിവരങ്ങൾ മറച്ച് വെയ്ക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വ്യാജ നിയമന ഉത്തരവുമായി മൂന്ന് പേർ പി എസ്‍ സി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നിടങ്ങളില്‍ ക്ലർക്കായി നിയമം ലഭിച്ചുവെന്നായിരുന്നു വ്യാജ രേഖ. പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് അസ്വാഭാവികത തോന്നി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ കഥകൾ മുഴുവൻ പുറത്തായത്. രേഖയിൽ ഒരു ബോർഡ് അംഗത്തിന്‍റെ പേരിലാണ് ഒപ്പിട്ടിരുന്നത്. ഇത്തരമൊരു നിയമന കത്ത് അയച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥർ പി എസ്‍ സി സെക്രട്ടറിയെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമാണ് കേസ് അന്വേഷിച്ചത്. പ്രതികളായ ആർ രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.












Click it and Unblock the Notifications