സെക്സ് റാക്കറ്റ് കേസില്‍ മൊഴി നല്‍കിയതിന് പക തീര്‍ക്കുന്നു.... രശ്മി നായര്‍ക്കെതിരെ രഹ്ന ഫാത്തിമ
കൊച്ചി: ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ വന്ന് വിവാദമുണ്ടാക്കിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും മോഡലായ രശ്മി നായരും തമ്മിലുള്ള വാക്പോര് കടുക്കുന്നു. രഹ്ന ശബരിമലയില്‍ എത്തിയത് ബിജെപി നേതാവ് കെ സുരേന്ദ്രനുമായി മംഗലാപുരത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണെന്ന് രശ്മി ആരോപിച്ചിരുന്നു. ഇത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രഹ്ന. തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് രശ്മി നുണകള്‍ പ്രചരിപ്പിക്കുന്നതെന്ന് രഹ്ന ആരോപിച്ചു.
അതേസമയം രശ്മിയുടെ ആരോപണങ്ങള്‍ കെ സുരേന്ദ്രനും തള്ളിയിട്ടുണ്ട്. തനിക്ക് അവരെ അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. അത് തന്നെയാണ് രഹ്നയും ആവര്‍ത്തിച്ചിരിക്കുന്നത്. അതിനിടെ രഹ്നയുടെ വരവില്‍ അടിമുടി സംശയാസ്പദമായ കാര്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ഇരുമുടി കെട്ടില്‍ സാനിറ്ററി നാപ്കിന് അടക്കമുണ്ടെന്നാണ് ആരോപണമുള്ളത്. ഇതില്‍ വ്യക്തത വന്നിട്ടില്ല.

രഹ്നയുടെ മറുപടി
രണ്ട് വര്‍ഷം മുമ്പ് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിട്ടിരുന്നു. ഇതിന് തന്റെ സുഹൃത്തുക്കളിലൊരാള്‍ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാല്‍ അന്ന് ടാഗ് ആക്സപറ്റ് ചെയ്തിരുന്നു. ഇത് മാത്രമാണ് കെ സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താന്‍ മംഗലാപുരത്ത് വച്ച് കണ്ടെന്നും അതിന് അവര്‍ക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നത് നുണയാണ്. അവരുടെ വാക്കുള്‍ക്ക് വിശ്വസിച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തന്റെ ശബരിമല സന്ദര്‍ശനത്തില്‍ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞത്.

മൊഴി നല്‍കിയതിലുള്ള പക
സെക്സ് റാക്കറ്റ് കേസില്‍ രശ്മിയും രാഹുല്‍ പശുപാലനും അറസ്റ്റിലായപ്പോള്‍ അവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു. നേരത്തെ രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ നിര്‍മിക്കാനിരുന്ന പ്ലിംഗ് എന്ന ചിത്രത്തിന് വേണ്ടി വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് താന്‍ സെക്സ് റാക്കറ്റില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു രശ്മിയും രാഹുലും പോലീസിനോട് പറഞ്ഞിരുന്നത്.

മൊഴി ഇങ്ങനെ.....
രശ്മിയും രാഹുലും പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരിയല്ലെന്നും സിനിമയ്ക്ക് വേണ്ട ചെലവുകള്‍ താനാണ് വഹിച്ചതെന്നും ഇതുവഴി അവര്‍ക്ക് യാതൊരു ബാധ്യതയുമുണ്ടായിട്ടില്ലെന്നുമായിരുന്നു മനോജും രഹ്നയും പോലീസിന് മൊഴി നല്‍കിയത്. ചുംബന സമരവുമായി ബന്ധപ്പെട്ട് ഇവരുമായുള്ള ബന്ധം പിന്നീട് ശരിയല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഇത് ഒഴിവാക്കുന്നതിനായി പിന്നീട് ഇരുവരും പറയുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകള്‍ യുട്യൂബില്‍ ലഭ്യമാണെന്നും സംശയമുള്ളവര്‍ക്ക് പരിശോധിക്കാമെന്നും രഹ്ന പറയുന്നു.

രശ്മിയുടെ പോസ്റ്റ്
രഹ്ന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്ത് വച്ച് പലതവണ കൂടിക്കാഴ്ച്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗസീവ് സ്പെയിസുകള്ക്കിടയില് കയറി അതിനെ അശ്ലീലവല്‍ക്കരിച്ച് വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിന് അനുകൂലമാക്കുക എന്ന ക്വട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍.

ജനം ടിവി വാര്‍ത്ത
അയ്യപ്പ ഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരുക്കേല്‍പ്പിക്കുന്നു എന്ന ജനം ടിവി വാര്‍ത്ത ഈ സമയത്ത് തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള ഐജി ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം. മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സിപിഎമ്മിനും സര്‍ക്കാരിനും ഒപ്പം നിരുപാധികം കേരളം നില്‍ക്കണം. ഇതായിരുന്നു രശ്മി നായരുടെ പോസ്റ്റ്. ഇതില്‍ വന്‍ വിവാദമാണ് പിന്നീട് ഉണ്ടായത്.

രഹ്നയുമായി ബന്ധമില്ല
തനിക്ക് രഹ്ന ഫാത്തിമയുമായി യാതൊരു ബന്ധവുമില്ലെന്ന് സുരേന്ദ്രന് ഇതിന് പിന്നാലെ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രാവിലെ മുതല്‍ തനിക്കെതിരെ ചില പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് ഷെയര്‍ ചെയ്യുന്ന ഫേക്കല്ലാത്ത അക്കൗണ്ടുകള്‍ ശ്രദ്ധിക്കുക. ശക്തമായ നിയമനടപടി ഉണ്ടാവുമെന്നായിരുന്നു സുരേന്ദ്രന് പ്രതികരിച്ചത്. നേരത്തെ രഹ്നയ്ക്കൊപ്പം മറ്റ് 30 പേരെ കൂടി ടാഗ് ചെയ്ത് കൊണ്ടുള്ള സുരേന്ദ്രന്റെ പോസ്റ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ബിഎസ്എന്‍എല്ലിനും ഭീഷണി
രഹ്ന ജോലി ചെയ്യുന്ന ബിഎസ്എന്‍എല്ലിന്റെ പേജിലും തെറിവിളികള്‍ ഉയര്‍ന്ന് കഴിഞ്ഞു. അയ്യപ്പനെ അധിക്ഷേപിച്ച, ഭക്തരെ അപമാനിച്ച രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന്ും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് തെറിവിളികള്‍. ബിഎസ്എന്‍എല്‍ ബഹിഷ്കരിക്കും എന്നാണ് ഭീഷണി. ഇതിനിടെ രഹ്നയുടെ വീടും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചിട്ടുണ്ട്. രഹ്നയുടെ വ്യക്തിപരമായ നിലപാടാണെന്നാണ് ബിഎസ്എന്‍എല്‍ നേരത്തെ തന്നെ പറഞ്ഞത്.
രഹ്ന ഫാത്തിയും കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കണ്ടു... ഗുരുതര ആരോപണവുമായി രശ്മി ആർ നായർ
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്... നിലപാടുമായി പദ്മകുമാര്‍!!