'ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നത് ചർച്ച ചെയ്തിട്ടില്ല', അതിജീവിത അപ്പീലിന് പോകണമെന്ന് ശ്വേത മേനോൻ
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് ശ്വേതാ മേനോൻ. വിധി വരുന്നത് വരെ കാത്തിരുന്നത് കൊണ്ടാണ് പ്രതികരണം വൈകിയത് എന്ന് ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതിന് തൊട്ട് പിറകേ അമ്മ നേതൃത്വം യോഗം ചേർന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനാണ് അതിവേഗത്തിൽ യോഗം ചേർന്നത് എന്നായിരുന്നു ആരോപണം. എന്നാൽ ശ്വേതാ മേനോൻ ഇത് തള്ളിക്കളയുന്നു.
ശ്വേതാ മേനോന്റെ പ്രതികരണം: '' കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. വിധിക്ക് വേണ്ടി കാത്തിരുന്നത് കൊണ്ടാണ് പ്രതികരണം വൈകിയത്. ഇത് ചരിത്രത്തില്‍ അടയാളപ്പെടുത്തും. അതിജീവിത സിനിമാ രംഗത്തിന് ഒരു വലിയ മാതൃകയാണ്.

കേസില്‍ അപ്പീലിന് പോകണം എന്ന് തന്നെയാണ് അഭിപ്രായം. വ്യക്തിപരമായി താന്‍ ആണെങ്കില്‍ അപ്പീലിന് പോയേനെ. ആ കുട്ടിക്കും അത് തന്നെയാണ് നിലപാട്. ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെയാണ്, ശ്വേതാ മേനോന്‍ പറഞ്ഞു.
അമ്മ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുളള ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ ശ്വേതാ മേനോന്‍ തളളിക്കളഞ്ഞു. അത്തരത്തിലുളള ഒരു ചര്‍ച്ചയും നടന്നിട്ടില്ല. 8ാം തിയ്യതി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നതാണ്. പൊതുജനങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അടിയന്തരമായി യോഗം ചേര്‍ന്നു എന്ന തരത്തില്‍. മൂന്നാഴ്ച മുന്‍പ് തന്നെ തീരുമാനിച്ചതാണ് യോഗത്തിന്റെ കാര്യം.
അന്നത്തെ ദിവസമാണ് എല്ലാവര്‍ക്കും വരാന്‍ പറ്റുന്നുണ്ടായിരുന്നത്. ഭാഗ്യവശാലോ ദൗര്‍ഭാഗ്യവശാലോ ആ ദിവസം തന്നെയാണ് വിധി വന്നത്. അതുകൊണ്ടാണ് തെറ്റിദ്ധാരണ ഉണ്ടായത്. ഒരു കാര്യവും എടുത്ത് ചാടി പറയാതിരിക്കാനാണ് വിധി വരുന്നത് വരെ കാത്തിരുന്നത്. ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല, മാത്രമല്ല അങ്ങനെ ഒരു ആവശ്യം പോലും ആരും ഉന്നയിച്ചിട്ടില്ലെന്നും ശ്വേതാ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
അമ്മ നേതൃത്വം വിധിയോട് പ്രതികരിക്കാത്തതിനെ നടന്‍ ബാബുരാജ് വിമര്‍ശിച്ചതിനോടും ശ്വേത പ്രതികരിച്ചു. അത് ബാബുരാജിന്റെ അഭിപ്രായമാണ്. അദ്ദേഹം അമ്മയുടെ ഭാരവാഹിയായി ഇരുന്ന ആളാണ്. ഒന്നും എടുത്ത് ചാടി പറയാന്‍ പറ്റില്ലെന്ന് അദ്ദേഹത്തിന് അറിയാം. നമുക്ക് വക്കീലിനോട് അടക്കം സംസാരിച്ച് ശരിയായ രീതിയില്‍ മാത്രമേ പ്രതികരിക്കാന്‍ സാധിക്കുകയുളളൂ. ഇത് കുട്ടിക്കളിയൊന്നും അല്ലല്ലോ. ഒരു ചാരിറ്റി സംഘടന ആയിരിക്കുമ്പോള്‍ നിയമപരമായി ചില കാര്യങ്ങള്‍ കൂടിയുണ്ട്.
നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നാണ് വ്യക്തിപരമായ അഭിപ്രായം. ആ കുട്ടി അപ്പീലിന് പോകണം. പക്ഷേ നമ്മള്‍ പഠിച്ചിട്ടുളളത് നിയമത്തിന് മുകളില്‍ ഒന്നും ഇല്ല എന്നാണ്. ആ കുട്ടിയുടെ തീരുമാനമാണ് എന്ത് ചെയ്യണം എന്നത്. സര്‍ക്കാര്‍ വരെ ആ കുട്ടിയെ പിന്തുണയ്ക്കുന്നു. ഞങ്ങളും അവള്‍ക്കൊപ്പമാണ്, എല്ലാ സ്ത്രീകളും എല്ലാ മലയാളികളും അവളുടെ കൂടെ തന്നെയാണ്, ശ്വേതാ മേനോന്‍ പറഞ്ഞു.












Click it and Unblock the Notifications