റീ പോസ്റ്റുമോര്‍ട്ടം നടത്താതെ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍
തൃശൂര്‍: അട്ടപ്പാടിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ബന്ധക്കള്‍. മണിവാസകത്തിന്‍റെയും കാര്‍ത്തിയുടേയും കുടുംബങ്ങളാണ് പോലീസിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. രണ്ടുപേരുടേയും മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്നിരുന്നു.
മൃതദേഹത്തിന്‍റെ മന്‍ക്വസ്റ്റിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാനോ മൃതദേഹങ്ങള്‍ തിരിച്ചറിയാനോ പോലീസ് സമ്മതിച്ചില്ലെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് കാര്‍ത്തിക്കിന്‍റെ അമ്മ മീനയും സഹോദരിയും ആരോപിച്ചു. റീ പോസ്റ്റ് മോര്‍ട്ടത്തിന് കാര്‍ത്തിയുടേയും മണിവാസകത്തിന്‍റെയും ബന്ധുക്കള്‍ പാലക്കാട് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പാലിച്ച് റീപോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടക്കുന്നത്. മുഴുവന്‍ നടപടികളുടേയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. രണ്ട് ടേബിളില്‍ ഒരേസമയം രണ്ടു പേരുടെ മൃതദേഹങ്ങള്‍ വീതമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. രമയുടെയും കാര്‍ത്തിക്കിന്റെയും പോസ്റ്റ്‌മോര്‍ട്ടമാണ് ആദ്യം നടന്നത്.
രമയുടെ ശരീരത്തില്‍നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. തലയിലും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകളുണ്ട്. അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications