മുഖ്യമന്ത്രിക്കും സർക്കാറിനും ആശ്വാസം: ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍ ആരോപണം തള്ളി ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ സർക്കാറിന് ആശ്വാസം. ഫണ്ട് വകമാറ്റിയെന്ന ഹർജികള്‍ ലോകായുക്തയും ഉപലോകായുക്തമാരും തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ഹര്‍ജി ആദ്യം തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രധാന ഹർജിയും ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ആർ എസ് ശശികുമാറായിരുന്നു ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവം നടത്തുക. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

തന്റെ ഹർജിയില്‍ വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന് പരാതിക്കാരനായ ആർ എസ് ശശികുമാർ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി തള്ളിയതിന് ശേഷം ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും ലോകായുക്ത ഒറ്റക്കെട്ടായി തള്ളി.
ഡിവിഷന്‍ ബെഞ്ച് വാദം കേട്ട കേസില്‍ വിധി പറയാന്‍ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍ ഉണ്ടായ ഭിന്നവിധിയെ തുടര്‍ന്നായിരുന്നു മൂന്നംഗ ബെഞ്ചിലേക്ക് എത്തിയത്. 2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഹര്‍ജിയില്‍ വാദം കേട്ട രണ്ട് ഉപലോകയുക്തമാര്‍ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതിയിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ എം എല്‍ എ ആയിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓര്‍മ്മകുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ഹർജിയില്‍ വിധി വന്നതിന് പിന്നാലെ ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ശശികുമാർ ന്യായാധിപന്മാർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു.
എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍ നായരുടെ വായ്പ വീട്ടാന്‍ എട്ടര ലക്ഷം രൂപയും സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആർ എസ് ശശികുമാറിന്റെ ഹർജി.












Click it and Unblock the Notifications