ചൂടിന് ആശ്വാസം; 4 വരെ സംസ്ഥാനത്ത് കനത്ത മഴ..ഈ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലർട്ടുള്ളത്. 2 ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 3 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 4 ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ യുവി കിരണങ്ങൾ ഉയരുന്നു; ചില ജില്ലകളിൽ അപകടനിലക്ക് സമീപം
കേരളത്തിൽ ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തിയ അൾട്രാവയലറ്റ് (UV) ഇൻഡക്സ് കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സൂര്യപ്രകാശത്തിന്റെ തീവ്രത ശ്രദ്ധേയമായി ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കോട്ടയം, കൊല്ലം തുടങ്ങിയ ജില്ലകളിൽ യുവി നിരക്ക് 8 വരെ ഉയർന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഈ നില ആരോഗ്യത്തിന് ഹാനികരമായിരിക്കാൻ സാധ്യതയുള്ളതിനാൽ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം തിരുവനന്തപുരം, കാസർകോട്, മലപ്പുറം, വയനാട്, ആലപ്പുഴ, ഇടുക്കി തുടങ്ങിയ ജില്ലകളിൽ യുവി നിരക്ക് 5-6 നിരക്കിൽ മാത്രമായതിനാൽ ഇവിടങ്ങളിൽ തീവ്രത കുറവാണ്. എറണാകുളം, തൃശൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ 6-7 നിരക്കിൽ മിതമായ യുവി നിലയാണ് അനുഭവപ്പെടുന്നത്.
മൊത്തത്തിൽ വടക്കൻ കേരളത്തിലും മധ്യഭാഗങ്ങളിലുമാണ് യുവി കൂടുതൽ ഉയർന്നത്, ചില തെക്കൻ ജില്ലകളിലും മലനിര പ്രദേശങ്ങളിലും താരതമ്യേന കുറവ് രേഖപ്പെടുത്തി. യുവി ഉയർന്ന പ്രദേശങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട, സൺസ്ക്രീൻ, കണ്ണട തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക നിർബന്ധമാണെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.












Click it and Unblock the Notifications