റിമാന്‍ഡ് പ്രതി ആശുപത്രിയില്‍ മരിച്ച സംഭവം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
തിരുവനന്തപുരം: റിമാന്‍ഡ് പ്രതിയായ ഷഫീഖ് എന്ന യുവാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കാനിടയായ സംഭവത്തില്‍ വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസിന്റെ ക്രൂര മര്‍ദ്ധനം മൂലമാണ് ഷെഫീഖ് മരിച്ചതെന്ന് ഷഫീഖിന്റെ പിതാവും ബന്ധുക്കളും പറയുന്നു. ഷഫീഖിനെ അറസ്റ്റ് ജനുവരി പതിനൊന്നിന് വൈകീട്ട് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
കോട്ടയം ഉദയം പേരൂര്‍ പൊലീസ്് അറസ്റ്റ് ചെയ്ത ഷെഫീഖിനെ ചൊവ്വാഴ്ച വൈകീട്ട് അബോധാവസ്ഥയിലായ നിലയിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്്. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഷഫീഖിന്റെ തലക്ക് പിന്നില്‍ ആഴമേറിയ മുറിവുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. തലക്ക് ശക്തിയായ ക്ഷതമേറ്റതാണെന്നും ഞെരെമ്പ് പൊട്ടിയിതല്ലന്നും ചികില്‍സിച്ച ഡോക്ടറും പറയുന്നു. ഇതെല്ലാം ഈ യുവാവിനേറ്റ ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് കൊണ്ട് സത്യാവസ്ഥ പുറത്ത് വരാന്‍ ജൂഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖ്( 36) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് ഷഫീഖിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മരിച്ച ഷെഫീഖിന്റെ അമ്മ റഷീദ ആരോപിച്ചു. ആരുമില്ലാത്ത സമയത്താണ് ഷെഫീഖിനെ പിടിച്ചുകൊണ്ടു പോയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലാണ് മരണകാരണമെന്നാണ് ഭാര്യ സെറീനയും ആരോപിച്ചു.
സംഭവത്തില്‍ ജയില്‍ സുപ്രണ്ട് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഷെഫീഖിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ജയില്‍ സുപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിയിലില്‍ എത്തിച്ചപ്പോള്‍ ഷെഫീഖിന് പരിക്കുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ജയിലില്‍ വെച്ച് അപസ്മാരവും ഛര്‍ദിയും ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പറയുന്നു.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കോസെടുത്തിട്ടുണ്ട്. പൊലീസ് മര്‍ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജയിൽ ഡി ജി പിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.