'അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്നുവെന്ന പരാമർശം'; തിരുത്തി ചെന്നിത്തല
ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന പരാമർശത്തിൽ തിരുത്തുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡോ ഷിംന അസീസ് അടക്കമുള്ളവർ പരാമർശത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ തിരുത്ത്.
അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു തൻ്റെ പരാമർശമെന്നും വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്നും ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

'പൊതുപ്രവർത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ളതാണ്. മിക്കവാറും വേദികളിൽ ലഹരിക്ക് എതിരെ പ്രതികരിക്കാറുണ്ട്. പ്രസംഗത്തിലും അഭിമുഖങ്ങളിലുമെല്ലാം. ഇലക്ഷനു മുൻപ്, യുഡിഎഫിന് അധികാരം കിട്ടിയാൽ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്കു പാലിക്കുന്ന "തൂഫാൻ" ആരംഭിച്ചതിലും അഭിമാനമുണ്ട്.
അത്തരം ഒരു സംഭാഷണത്തിൽ വളരെ നാൾ മുൻപ് എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു.
അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു.
പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ അറിയിക്കാൻ ആരും മടിക്കരുത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും', മന്ത്രി പോസ്റ്റിൽ പറഞ്ഞു.
ഷിംന അസീസിൻ്റെ വിമർശനം ഇങ്ങനെ
'അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന 'ഹീമോടോക്സിക് വെനം' ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവശ്രമകരമാണ്.
നാക്കിൽ അണലിയെ കൊണ്ട് കൊത്തിച്ചാൽ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.
രക്‌തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല.
അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല.മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ് അത്തരത്തിലുള്ള ന്യൂറോടോക്‌സിക് വെനം ഉള്ളത്. അവയെ ആണ് ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ഇനി അവയെക്കൊണ്ട് കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടമാണ്.
എന്ന് മാത്രമല്ല, അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്‌ഥിരമായി കിഡ്നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്നങ്ങൾ...
വളരെയേറെ രക്തക്കുഴലുകൾ നിറഞ്ഞ നമ്മുടെ നാക്കിൽ അണലി കൊത്തിയാൽ വിഷം അതിവേഗം ബഹുദൂരം രക്തത്തിൽ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സാധാരണയിലും കൂടുതൽ വേഗത്തിൽ മരണം സംഭവിക്കാം.
നാക്കിൽ കൊത്തിക്കാൻ വേണ്ടി പ്രവചിക്കാൻ പറ്റാത്ത വേഗത്തിൽ ആക്രമിക്കുന്ന അണലിയെ പിടികൂടാൻ ശ്രമിച്ചാൽ ആ വകയിലും പാമ്പ്കടി ഏൽക്കാൻ ചാൻസുണ്ട്.
ഇനി അണലിക്കുട്ടിയെ പിടിച്ചു കടിപ്പിക്കാം എന്നു വെച്ചാൽ, സർപ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവിൽ ഒരു നിയന്ത്രണവും കണ്ടേക്കില്ല. പാമ്പിൻകുട്ടി 'കുട്ടി' അല്ല. ലുക്കിൽ മാത്രമേ ചെറുതുള്ളൂ, വർക്കിൽ പലപ്പോഴും വളർച്ചയെത്തിയ പാമ്പിനേക്കാൾ കൂടുതൽ അപകകാരിയാണ് പാമ്പിൻകുട്ടികൾ.
മേൽ പറഞ്ഞ പല വിധ കാരണങ്ങളാൽ അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്. പാമ്പിന്റെ കൊത്ത് ലഹരി തരില്ല.കൂടെ ഒന്ന് കൂടി...ഒരു ലഹരിയും ഉപയോഗിക്കാൻ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയിൽ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ട്.
അണലി സ്വന്തം പ്രാരാബ്‌ധങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ. വെറുതേ ശല്യപ്പെടുത്തേണ്ട'.












Click it and Unblock the Notifications