തിരുവഞ്ചൂരിനൊക്കെ ഇതൊക്കെ എങ്ങനെ സാധിക്കുന്നു: വിഡി സതീശനും മാപ്പ് പറയണമെന്ന് പികെ ശ്രീമതി
വീണ ജോർജിനെ അധിക്ഷേപകരമായ ഭാഷയില്‍ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനും വിഡി സതീശനും മാപ്പ് പറയണമെന്ന് പികെ ശ്രീമതി. വർഷങ്ങളുടെ പാരമ്പര്യമുള്ള തിരുവഞ്ചൂരിനെ പോലുള്ള ഉന്നത രാഷ്ട്രീയ നേതാവിനു എങ്ങിനെ ഈ രീതിയിൽ ഒരു വനിതക്കെതിരെ പരസ്യമായി അധിക്ഷേപിക്കാനും മാനം കെടുത്താനും കഴിയുന്നുവെന്നതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും പികെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീമതിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
തിരുവഞ്ചൂരും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും മാപ്പു പറയണം. ഔചിത്യം മറന്നു മ്ലേച്ഛ ഭാഷ യാണ് അവർ മന്ത്രി വീണാ ജോർജ്ജിനെതിരെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
എനിക്ക് അത്ഭുതം തോന്നുന്നു, വർഷങ്ങളുടെ പാരമ്പര്യമുള്ള തിരുവഞ്ചൂരിനെ പോലുള്ള ഉന്നത രാഷ്ട്രീയ നേതാവിനു എങ്ങിനെ ഈ രീതിയിൽ ഒരു വനിതക്കെതിരെ പരസ്യമായി അധിക്ഷേപിക്കാനും മാനം കെടുത്താനും കഴിയുന്നു?

ഉയർന്ന പദവിയിലിരിക്കുന്നവരുടെ നിലവാര തകർച്ചയല്ലേ ഇതു കാണിക്കുന്നത്? സ്ത്രീകളെ അപഹസിച്ചും നിന്ദിച്ചുമല്ല കയ്യടി വാങ്ങേണ്ടത്. രാഷ്ട്രീയ ലാഭത്തിനും നേട്ടത്തിനും ഈഭാഷയും ഇത്തരം പ്രയോഗവും പ്രയോജനപ്പെടുമെന്നു കരുതുന്നുണ്ടൊ?
ഇല്ല .ഇല്ല ബഹുമാനപ്പെട്ട കോൺഗ്രസ് നേതാക്കളേ,കേരളത്തിലെ സ്ത്രീകൾക്കെങ്കിലും മനസിലാകും നിങ്ങളുടെ ദുഷ്ട ലാക്ക്. ഇത്തരത്തിൽ നീചമായി വാക്കുകൾ ഉപയോഗിക്കാതിരിക്കൂ. ഒരു വനിതയായത് കൊണ്ടു മാത്രമാണ് മന്ത്രി വീണ ഇത്രമാത്രം ക്രൂരമായി ആക്രമിക്കപ്പെടുന്നത്.
ആശുപത്രിയിൽ കയറി നിരന്തരം ആക്രമണവും കൊലപാതകവും നടത്തുന്ന ഒരു കൂട്ടം പിശാചുക്കളുടെ മാനസികാവസ്ഥയെ ക്കുറിച്ചോ അവരുടെ നിഷ്ഠൂരതയെ ക്കുറിച്ചൊ അല്ലല്ലോ മാദ്ധ്യമങ്ങളിലും ചർച്ച. മനുഷ്യർക്ക് വീടുകളിലും വന്നു വന്നു ഇപ്പോൾ ആശുപത്രിയിലടക്കം കോലപാതക നടത്താനുള്ള മാനസികസ്ഥിതി എന്തു കൊണ്ട് ചിലരിൽ ഉണ്ടാകുന്നു ? ഒരുകാലത്ത് ചികിത്സിക്കുന്ന ഡോക്ടർമ്മാർ എല്ലാവർക്കും ദൈവത്തെ പ്പോലെയായിരുന്നു. നഴ്സ്മാർ മാലാഖമാരും.
അവരെ ആക്രമിക്കുക എന്നത് ചിന്തിക്കാൻ പോലും ആർക്കും കഴിയില്ല ഒരു കറുത്ത വാക്കു പോലും അവർക്കെതിരെ പറയാൻ ആരും തയ്യാറാകില്ല. എന്നാൽ ഇന്ന് നാം കാണുന്നത് മനുഷ്യത്വം മരവിച്ച കുറച്ചുപേർ എന്തു കാട്ടാളത്തവും എവിടേയും കാണിക്കുന്നു ഇതിന്റേയും കുറ്റം മന്ത്രിക്കു നേരെ ചാർത്താൻ ചിലർ കിണഞ്ഞു ശ്രമിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.
മന്ത്രി വീണജോർജ്ജിനെ ഹീനമായി അധിക്ഷേപിക്കുകയും സമൂഹമദ്ധ്യത്തിൽ നാണം കെടുത്താൻ മനപ്പൂർവ്വം ശ്രമിക്കുകയുമാണ്. അങ്ങേയറ്റ്ം പ്രതിഷേധാർഹമാണിത് . സമൂഹമൊന്നാകെ പ്രതിഷേധിക്കണം. ഇത് അവസാനിപ്പിക്കണം.












Click it and Unblock the Notifications