സംസ്ഥാനത്ത് രണ്ടായിരത്തിലധികം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. ജോര്‍ജ് പി എബ്രഹാം മരിച്ചനിലയില്‍
കൊച്ചി: സംസ്ഥാനത്ത് 2500 ലേറെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജോര്‍ജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. 77 വയസായിരുന്നു. നെടുമ്പാശേരിയിലെ തുരുത്തിശേരിയില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.
32 വര്‍ഷത്തോളം നീണ്ട കരിയറില്‍ സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള ഡോക്ടറാണ് ഡോ. ജോര്‍ജ് പി എബ്രഹാം. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ രംഗത്ത് രാജ്യത്ത് അറിയപ്പെടുന്ന ഡോക്ടര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. കൊച്ചി എളംകുളത്തെ വീട്ടില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് ഡോക്ടര്‍ സ്വന്തം ഫാം ഹൗസിലെത്തിയത്. സഹോദരനും ഒപ്പമുണ്ടായിരുന്നു. അല്‍പനേരം കഴിഞ്ഞ് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫാം ഹൗസില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായാധിക്യമുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കുറിപ്പില്‍ പറയുന്നു. നേരത്തെ ഇദ്ദേഹത്തിന് നട്ടെല്ലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളും ജോര്‍ജ് പി എബ്രഹാമിനെ വല്ലാതെ അലട്ടിയിരുന്നു. പഴയതു പോലെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയാത്തതില്‍ നിരാശനായിരുന്നുവെന്ന സൂചനയാണ് ആത്മഹത്യാക്കുറിപ്പില്‍ നിന്നു ലഭിക്കുന്നത്.
മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് മാറ്റി. മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. എളംകുളത്തുള്ള വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബ്രഹ്‌മപുരം ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.












Click it and Unblock the Notifications