Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവഗായകന് വിട, പി ജയചന്ദ്രൻ അന്തരിച്ചു, അന്ത്യം തൃശൂരിലെ ആശുപത്രിയിൽ

തൃശൂര്‍: മലയാളിയുടെ ഗൃഹാതുരതയുടെ ശബ്ദം ഇനിയില്ല.ഭാവഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി. 80ാം വയസ്സിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അദ്ദേഹം രോഗബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വൈകിട്ട് 7 മണിയോടെ അദ്ദേഹം പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.54ഓടെ മരണം സ്ഥിരീകരിച്ചു.

മലയാളം കൂടാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടത്തിലുമടക്കം എണ്ണമറ്റ ഗാനങ്ങള്‍ അദ്ദേഹം ആസ്വാദകര്‍ക്ക് സമ്മാനിച്ചു. യേശുദാസ് തനിച്ച് കളംവാണ മലയാള സിനിമാ ഗാനരംഗത്തേക്ക് ഭാവതീവ്രമായ ശബ്ദത്തില്‍ പാടി കടന്ന് വന്ന് വര്‍ഷങ്ങളോളം കാലുറപ്പിച്ച് നിന്ന ഗായകന്‍.

മികച്ച ഗായകനുളള സംസ്ഥാന-ദേശീയ പുരസ്‌ക്കാരങ്ങള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍. സംസ്ഥാന പുരസ്‌ക്കാരം 5 തവണ അദ്ദേഹത്തെ തേടിയെത്തി. തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായകനുളള പുരസ്ക്കാരം 4 തവണയും കലൈ മാമണി പുരസ്ക്കാരവും ലഭിച്ചു. 2021ൽ ജെസി ഡാനിയൽ പുരസ്ക്കാരവും പി ജയചന്ദ്രന് ലഭിച്ചു. മലയാള സിനിമയുടെ പഴയകാലത്തും പുതിയ കാലത്തും ഒരുപോലെ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, കരിമുകില്‍ കാട്ടിലെ, സുപ്രഭാതം, മല്ലികാ ബാണന്‍, അനുരാഗ ഗാനം പോലെ, റംസാനിലെ ചന്ദ്രികയോ തുടങ്ങിയ എണ്ണമറ്റ ഗാനങ്ങളിലൂടെ മലയാളിയുടെ ഗൃഹാതുര ഓര്‍മ്മകളില്‍ സുഗന്ധം പകര്‍ന്നു പി ജയചന്ദ്രന്‍.

P Jayachandran

ജി ദേവരാജന്‍, എംഎസ് വിശ്വനാഥന്‍, എംഎസ് ബാബുരാജ്, എംകെ അര്‍ജുനന്‍, വി ദക്ഷിണാമൂര്‍ത്തി, ഇളയരാജ മുതല്‍ എആര്‍ റഹ്‌മാനും എംഎം കീരവാണിയും വിദ്യാസാഗറും വരെയുളള എണ്ണം പറഞ്ഞ സംഗീത സംവിധായകരുടെ ഗാനങ്ങളുടെ ശബ്ദമായി പി ജയചന്ദ്രന്‍. സുമംഗലി, കളിത്തോഴി, മന്ത്രകോടി, പണി തീരാത്ത വീട്, പഞ്ചവടി, കാലചക്രം, ചുക്ക്, ദിവ്യദര്‍ശനം,അയലത്തെ സുന്ദരി, നെല്ല്, പിക്‌നിക്, ചട്ടമ്പിക്കല്ല്യാണി, കല്യാണ സൗഗന്ധികം, ശംഖുപുഷ്പം, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ദേവദൂതന്‍, തിളക്കം, എന്ന് നിന്റെ മൊയ്തീന്‍, രാവണപ്രഭു, തന്മാത്ര, അടക്കം നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടി.

സിനിമാ ഗാന രംഗത്ത് പുതിയ ഗായകര്‍ പലര്‍ വന്നിട്ടും പൊടി മീശ മുളയ്ക്കണ കാലവും, അറിയാതെ അറിയാതെയും പൂവേ പൂവേ പാലപ്പൂവേയും പ്രേമിക്കുമ്പോള്‍ നീയും ഞാനും അടക്കമുളള ഗാനങ്ങള്‍ പാടി പി ജയചന്ദ്രന്‍ പുതിയ കാലത്തിന്റെയും ഗായകനായി.
സിനിമാ ഗാനങ്ങള്‍ മാത്രമല്ല പി ജയചന്ദ്രന്റെ തട്ടകം. ലളിതഗാനങ്ങളും നാടകഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം സംഗീതത്തിന്റെ വിവിധ ശാഖകളില്‍ അദ്ദേഹം തന്റെ മുദ്രപതിപ്പിച്ചു. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട തന്റെ സംഗീത ജീവിതത്തില്‍ അദ്ദേഹം ആസ്വാദകര്‍ക്ക് സമ്മാനിച്ചത് പതിനായിരക്കണക്കിന് ഗാനങ്ങളാണ്.

1944 മാര്‍ച്ച് മൂന്നിന് രവിപുരത്താണ് പി ജയചന്ദ്രന്റെ ജനനം. കൊച്ചി രാജകുടുംബാംഗവും സംഗീതകാരനുമായ രവിവര്‍മ കൊച്ചനിയന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും മൂന്ന് ആണ്‍മക്കളില്‍ രണ്ടാമനായാണ് പി ജയചന്ദ്രന്റെ ജനനം. ഇരിങ്ങാലക്കുട നാഷണല്‍ ഹൈ സ്‌കൂള്‍, ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് തന്നെ സംഗീതത്തിലും മൃദംഗവായനയിലും അദ്ദേഹം പ്രാഗദ്ഭ്യം തെളിയിച്ചിരുന്നു.

പഠനം കഴിഞ്ഞ് കുറച്ച് കാലം അദ്ദേഹം ചെന്നൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ചെന്നൈയിലെ ഒരു പരിപാടിയില്‍ വെച്ച് പി ജയചന്ദ്രന്റെ പാട്ട് കേട്ട ശോഭന പരമേശ്വരന്‍ നായരും എ വിന്‍സെന്റും സിനിമയിലേക്ക് പാടാന്‍ ക്ഷണിച്ചതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറിയത്. 1965ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിന് വേണ്ടി പി ജയചന്ദ്രന്‍ ആദ്യമായി പാടി. പി ഭാസ്‌കരന്‍ എഴുതി ചിദംബരനാഥ് സംഗീതം നല്‍കിയ മുല്ലപ്പൂമാലയുമായി എന്ന ഗാനത്തിലൂടെ പി ജയചന്ദ്രന്‍ തന്റെ സംഗീത യാത്ര തുടങ്ങി. ഈ ചിത്രം ഇറങ്ങാന്‍ വൈകിയെങ്കിലും ജി ദേവരാജന്‍ കളിത്തോഴി എന്ന ചിത്രത്തിലെ മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി എന്ന ഗാനം പാടാന്‍ ജയചന്ദ്രനെ വിളിച്ചു. ഈ ഗാനം സൂപ്പര്‍ ഹിറ്റായതോടെ പി ജയചന്ദ്രന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+