ലക്ഷ്മി നായരെ കൈവിടാന്‍ സിപിഎമ്മിനാകില്ല!സമരത്തില്‍ നിന്ന് പിന്മാറണമെന്ന് എസ്എഫ്ഐയോട് ആവശ്യപ്പെട്ടു.
സമരത്തിന്റെ ഈ ഘട്ടത്തില്‍ രാജി ആവശ്യത്തില്‍ നിന്നും പിന്മാറാനാകില്ലെന്ന് എസ്എഫ്‌ഐ ലോ അക്കാദമി യൂണിറ്റ് സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്നും പിന്മാറണമെന്ന് സിപിഐഎം. എസ്എഫ്‌ഐയോടാണ് സിപിഎം ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ സമരത്തിന്റെ ഈ ഘട്ടത്തില്‍ രാജി ആവശ്യത്തില്‍ നിന്നും പിന്മാറാനാകില്ലെന്ന് എസ്എഫ്‌ഐ ലോ അക്കാദമി യൂണിറ്റ് സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് എസ്എഫ്‌ഐ ജില്ലാ നേതൃത്വത്തോട് ഇക്കാര്യം അറിയിച്ചത്. എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ ഈ ആവശ്യം ലോ അക്കാദമി യൂണിറ്റ് കമ്മിറ്റി ഭാരവാഹികളെ അറിയിച്ചെങ്കിലും, യൂണിറ്റ് കമ്മിറ്റി നിര്‍ദേശം തള്ളി. അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ശക്തിയാര്‍ജ്ജിച്ച വേളയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നിന്നും പിന്മാറില്ലെന്ന് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി വ്യക്തമാക്കി.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒരുമിച്ച് പ്രക്ഷോഭത്തില്‍ പങ്കെടുക്കുമ്പോള്‍, എസ്എഫ്‌ഐയോട് സമരത്തിലെ പ്രധാന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടത് വിദ്യാര്‍ത്ഥി നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. സിപിഐഎമ്മിന് ലക്ഷ്മി നായരെ സംരക്ഷിക്കുന്ന നിലപാടാണുള്ളത് എന്ന ആരോപണം തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്. ഈ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ നടപടിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എന്നാല്‍, ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ സിപിഐഎം ജില്ലാ നേതൃത്വം എസ്എഫ്‌ഐയോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും, ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications