കൊക്കെയ്ന്‍ വേണമെന്നില്ല, ഐസ്‌ക്രീമിലും മയക്കുമരുന്ന്!
കോട്ടയം: കൊക്കെയ്ന്‍ കേസില്‍ സിനിമാ താരം ഷൈന്‍ ടോം ചാക്കോയും കൂട്ടരും പിടിയിലായ വാര്‍ത്തയാണ് എങ്ങും. ഇവരുടെ സംഘത്തില്‍ ന്യൂ ജനറേഷന്‍ നായകനും താരദമ്പതികളും ഉണ്ടെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂ ജെന്‍ തരംഗം വന്നതോടെയാണ് സിനിമയില്‍ കഞ്ചാവും കൊക്കെയ്‌നും സുലഭമായത് എന്നാണ് ഒരു വിഭാഗം പറയുന്നത്. അത് സിനിമാക്കാരുടെ കഥ. എന്നാല്‍ സ്‌കൂളില്‍ പോകുന്ന നമ്മുടെ കുട്ടികളുടെ കാര്യം നോക്കൂ.
കൊച്ചിയില്‍ നിന്നും കൊക്കെയ്ന്‍ പിടിച്ചതിന് പിന്നാലെ മയക്കുമരുന്ന് പരിശോധന വ്യാപകമാക്കിയ പോലീസിന് കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കൊക്കെയ്‌നും കഞ്ചാവും മാത്രമല്ല, ഐസ്‌ക്രീമില്‍ പോലും മയക്കുമരുന്നു കലര്‍ത്തി കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലെയും കോളേജുകളിലെയും കുട്ടികളാണ് ഇത്തരത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയ ഐസ്‌ക്രീമിന് അടിമകളാകുന്നത്.

ഇതിന് മുമ്പും സമാനമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭക്ഷണ സാധനങ്ങളിലും മറ്റും മയക്കുമരുന്ന് കലര്‍ത്തി കുട്ടികളെ ഇതിന് അടിമകളാക്കുന്നതായി ഇതിന് മുമ്പും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പരാതികള്‍ കുറവാണെന്നും ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലെന്നും പോലീസ് തന്നെ പറയുന്നു. ഒരിക്കല്‍ മയക്കുമരുന്ന് കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച കുട്ടികള്‍ വീണ്ടും ഇത് തേടിപ്പോകുന്നു.
വിദ്യാര്‍ഥികള്‍ വഴി സ്‌കൂളുകളില്‍ കഞ്ചാവും മയക്കുമരുന്നും എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ലേഡീസ് ഹോസ്റ്റലുകളാണ് മയക്കുമരുന്ന് ഉപയോഗിക്കപ്പെടുന്ന മറ്റൊരിടം. ലഹരിക്ക് പണം കണ്ടെത്താനാവാതെ കുട്ടികള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ വരെ എത്തിപ്പെടുന്നുണ്ടത്രെ. കഞ്ചാവ് ഉപയോഗിച്ച് ശീലിച്ച കുട്ടികളാകട്ടെ പണം കണ്ടെത്താനായി ബൈക്ക് മോഷണം തുടങ്ങിയ കാര്യങ്ങളിലാണ് ഏര്‍പ്പെടുന്നത്.












Click it and Unblock the Notifications