പുതിയ ഗവർണറുടെ തുടക്കം സർക്കാരിനെ തിരുത്തിക്കൊണ്ട്; ചുമതലയേറ്റ ആദ്യ ദിനം നാടകീയ സംഭവം..
തിരുവനന്തപുരം: കേരള ഗവർണറായി ചുമതലയേറ്റ് ആദ്യ ദിനം തന്നെ സർക്കാരിന്റെ നീക്കം തടഞ്ഞ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പോലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വെച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയെതെന്നാണ് മനോരമ ഓൺലൈൻ പറയുന്നത്. ഇതിനായി ഡി ജി പിയുടെ ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതി ഗവർണറുടെ മുന്നിൽ എത്തിച്ചതെന്നാണ് വിവരം. തുടർന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവർണർ മനോജ് എബ്രഹാമിവെ കാണാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ഗവർണറുടെ ആവശ്യം അപ്പോൾ തന്നെ അംഗീകരിച്ചുവെന്നുമാണ് റിപ്പോർട്ട്.

അതേ സമയം ഇന്നലെയാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരള ഗവർണറായി ചുമതലയേറ്റത്. രാവിലെ പത്തരയ്ക്ക് രാജ്ഭവനിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ വി ശിവൻ കുട്ടി, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവരും ശശി തരൂർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ചീഫ് സെക്രട്ടറി, ഡി ജി പി, കര സേന , നാവിക സേന, വ്യോമസേന പ്രതിനിധികളും ചടങ്ങിനെത്തി.
ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറായി പോയതിന് പിന്നാലെയാണ് അർലേക്കർ കേരള ഗവർണറായി എത്തിയത്. ആർ എസ് എസിലൂട പൊതുപ്രവർത്തന രംഗത്തെത്തിയ ഗോവയിൽ നിന്നുള്ള ബി ജെ പി നേതാവാണ് അർലേക്കർ. 1989 ൽ ബി ജെ പിയില്ഡ ചേർന്ന അദ്ദേഹം 1990 മുതൽ സംസ്ഥാനത്തെ പ്രധാന ബി ജെ പി നേതാക്കന്മാരിൽ ഒരാളായി മാറി. ഗോവ നിയമസഭാ സ്പീക്കറായിരുന്നു അർലേക്കർ. പിന്നീട് ഗോവ വനം പരിസ്ഥിതി മന്ത്രിയായി. 2021 ൽ ഹിമാചൽ ഗവർണറായി നിയമിച്ചു.
പിന്നീട് ബീഹാർ ഗവർണറായി. അതേ സമയം കേരള ഗവർണർ സ്ഥാനം ഒഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. കേരള ഗവർണറായിരിക്കെ സംസ്ഥാന സർക്കാറിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications