ബാര്‍ക്കില്‍ റിപ്പോര്‍ട്ടറിനെ പൂട്ടാന്‍ 24 ന്യൂസ്; 24 ഉടമക്കെതിരായ തട്ടിപ്പ് കേസെടുത്തിട്ട് റിപ്പോര്‍ട്ടറും
മലയാള ടെലിവിഷന്‍ ചാനല്‍ രംഗം കഴിഞ്ഞ കുറച്ച് നാളായി അതീവ മത്സരത്തിലാണ്. 24 ന്യൂസിന്റെ വരവോട് കൂടി മലയാള വാര്‍ത്താ ചാനല്‍ ശൈലിയ്ക്ക് തന്നെ വലിയൊരു മാറ്റം വന്നിരുന്നു. വൈകാതെ മറ്റ് ചാനലുകളും 24 ന്യൂസിന്റെ പാതയില്‍ വാര്‍ത്താ അവതരണത്തിലൊക്കെ കാതലായ മാറ്റം വരുത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര ചാനലായി മാറാനും 24 ന്യൂസിന് സാധിച്ചിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവി പുതിയ ഉടമകളിലേക്ക് എത്തിയതോടെ മലയാള വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള മത്സരം മറ്റൊരു തലത്തിലേക്ക് പോയി. അധികം വൈകാതെ മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനും റിപ്പോര്‍ട്ടറിനായി. എന്നാല്‍ പിന്നീട് ഏഷ്യാനെറ്റ് തന്നെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും തുടരുകയാണ്.

അതിനിടെയാണ് ഈ മൂന്ന് ചാനലുകളും തമ്മിലുള്ള പോര് മറ്റൊരു തലത്തിലേക്കും കടക്കുന്നത്. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയും ഏഷ്യാനെറ്റ് ന്യൂസും തമ്മിലുള്ള പോര് കോടതി വരെ എത്തിയിരുന്നു. ഇരുചാനലുകളുടേയും ഉടമകള്‍ക്കെതിരെയായിരുന്നു നിയമമനടപടികള്‍. ഇതിനിടെ റിപ്പോര്‍ട്ടര്‍ ടിവിയും മീഡിയ വണ്ണും തമ്മിലും പരസ്പരം ഏറ്റുമുട്ടലുണ്ടായി. മീഡിയ വണ്ണിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ തുറന്നടിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ മീഡിയ വണ്ണും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും തമ്മിലാണ് പോര് കടുക്കുന്നത്. ടെലിവിഷന്‍ ചാനലുകളുടെ വ്യൂവര്‍ഷിപ് നിര്‍ണയിക്കുന്ന ബാര്‍ക്ക് ഡാറ്റയില്‍ തിരിമറി നടത്തിയെന്നും ഇതിന് പിന്നില്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് എന്നും പറഞ്ഞ് 24 ന്യൂസിന്റെ എംഡി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ 24 ന്യൂസ് പരാതിയും നല്‍കി.
ഈ പരാതിയില്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 24 ന്യൂസ് ചാനല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ബാര്‍ക്ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ രണ്ടാം പ്രതിയുമായി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കെതിരെ വ്യാജ രേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറില്‍ ചേര്‍ത്തത്.
ഒന്നാം പ്രതിയായ പ്രേംനാഥ് രണ്ടാം പ്രതിയായ ചാനല്‍ ഉടമയ്ക്ക് റേറ്റിംഗ് മീറ്ററുകള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറിയെന്നും 24 ന്യൂസിന്റെ റേറ്റിംഗ് കുറച്ച് കാണിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന് റേറ്റിങ് ഉയര്‍ത്തിക്കാണിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിന് 24 ന്യൂസ് ഉടമ മുഹമ്മദ് ആലുങ്കലിനെതിരായ പരാതിയും കേസും പുറത്തുവിട്ടാണ് റിപ്പോര്‍ട്ടര്‍ തിരിച്ചടിച്ചത്.
2000 കോടിയുടെ തട്ടിപ്പ് കേസാണ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കലിനെതിരെ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തത് എന്ന വിവരമാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടത്. നിലമ്പൂര്‍ സ്വദേശിയായ അബ്ദുള്‍ സലാമിന്റെ പരാതിയില്‍ മറ്റ് അഞ്ച് പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുഹമ്മദ് ആലുങ്കലും കൂട്ടുപ്രതികളും ചേര്‍ന്ന് സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന ആശുപത്രി ശ്യംഖല തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications