റേറ്റിംഗിൽ റിപ്പോർട്ടർ കുതിപ്പ്;മൂക്കും കുത്തി വീണ് ഏഷ്യാനെറ്റ് ന്യൂസ്..24 ന്യൂസിന് എന്ത് സംഭവിച്ചു?
ബാർക്ക് റേറ്റിംഗിനെ ചൊല്ലി റിപ്പോർട്ടർ ചാനലും ട്വൻ്റി ഫോർ ന്യൂസ് ചാനലും തമ്മിലുള്ള പോരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. റേറ്റിംഗ് അട്ടിമറിക്കാൻ റിപ്പോർട്ടർ ചാനൽ കോഴ നൽകി എന്ന ട്വിൻ്റി ഫോർ ന്യൂസിൻ്റെ ആരോപണമാണ് വിവാദങ്ങളുടെ തുടക്കം. റിപ്പോർട്ടർ ടിവിയെ മുന്നിലെത്തിക്കാൻ ബാർക്ക് ജീവനക്കാരനായ പ്രേംനാഥിന് ചാനൽ ഉടമയായ ആന്റോ അഗസ്റ്റിൻ കോടികൾ കൈമാറിയെന്നായിരുന്നു പരാതി. കോഴ നൽകിയെന്ന് ആരോപിച്ചുള്ള ചില വാട്സ് ആപ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും 24 ന്യൂസ് പുറത്തുവിട്ടു. ചാനലിൻ്റെ പരാതിയിൽ റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിനെ രണ്ടാം പ്രതിയാക്കി കളമശ്ശേരി പോലീസ് കേസെടുക്കുകയും ചെയ്തു.
പിന്നാലെ തങ്ങൾക്കെതിരെ വ്യാജ വാർത്ത സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടറും പരാതി നൽകി. പരാതിയിൽ 24 ന്യൂസ് ചാനല്‍ എംഡി ആർ ശ്രീകണ്ഠന്‍ നായർ, ചാനല്‍ ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവർ ഉള്‍പ്പെടെ 6 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഇത്തരത്തിൽ രണ്ട് പ്രധാന ചാനലുകൾ തമ്മിലുള്ള 'റേറ്റിംഗ് പോര്' മുറുകുന്നതിനിടെ ഇതാ ന്യൂസ് ചാനലുകളുടെ 48ാം ആഴ്ചയിലെ റേറ്റിംഗ് പുറത്ത് വന്നിരിക്കുകയാണ്. പട്ടികയിൽ ആരൊക്കെയാണ് മുന്നിലെത്തിയിരിക്കുന്നതെന്ന് നോക്കാം.

വിവാദങ്ങളൊന്നും ഏശാതെ ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് റിപ്പോർട്ടർ . 97.73 പോയിൻ്റാണ് ചാനലിന് ലഭിച്ചത്. കഴിഞ്ഞാഴ്ചയിൽ 79.57 ആയിരുന്നു പോയിൻ്റ്. ഏഷ്യാനെറ്റ് ന്യൂസ് ആണ് രണ്ടാം സ്ഥാനത്ത്. തുടർച്ചയായ രണ്ടാം ആഴ്ചയാണ് ഏഷ്യാനെറ്റിന് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. കഴിഞ്ഞ ആഴ്ച 78.59 പോയിൻ്റുകളോടെ നേരിയ വ്യത്യാസം (0.98)മാത്രമായിരുന്നു ഏഷ്യാനെറ്റും റിപ്പോർട്ടറും തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി റിപ്പോർട്ടറിനേക്കാൾ 6.21 പോയിൻ്റ് കുറവാണ് ഏഷ്യാനെറ്റിന് ലഭിച്ചത്.
ഇക്കഴിഞ്ഞ ജുലൈയിൽ ആയിരുന്നു ബാർക്ക് റേറ്റിംഗിൽ ഏഷ്യാനെറ്റിന്റെ അപ്രമാദിത്വം ആദ്യമായി റിപ്പോർട്ടർ തകർത്തത്ത്. തുടർന്നും മുന്നിൽ നിൽക്കാൻ റിപ്പോർട്ടർ ചാനലിന് സാധിച്ചിരുന്നു. എന്നാൽ 31ാം ആഴ്ചയോടെ അതായത് ഏകദേശം ഓഗസ്റ്റ് അസാനത്തോടെ ഏഷ്യാനെറ്റ് തങ്ങളുടെ സ്ഥാനം തിരിച്ചുപിടിച്ചു. പിന്നീട് ഏഷ്യാനെറ്റ് ന്യൂസിന് റേറ്റിംഗിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഈ തേരോട്ടത്തിനാണ് റിപ്പോർട്ടർ ചാനൽ ബ്രേക്കിട്ടിരിക്കുന്നത്.
അതേസമയം നാളുകളായി മൂന്നാം സ്ഥാനത്ത് തുടരുന്ന ട്വിൻ്റി ഫോർ ന്യൂസിന് ഇക്കുറിയും അതേ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒന്നും രണ്ടും സ്ഥാനക്കാരേക്കാൾ ബഹുദൂരം പിന്നിലാണ് ട്വിൻ്റി ഫോർ ന്യൂസ്. 55.26 പോയിൻ്റാണ് ചാനലിന് ലഭിച്ചത്.45ാം ആഴ്ചയിൽ 46.76 പോയിൻ്റുകളായിരുന്നു ഉണ്ടായിരുന്നത്.
നാലും അഞ്ചും സ്ഥാനങ്ങൾ മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ഇത്തവണയും വിട്ടുകൊടുത്തിട്ടില്ല. എന്നാൽ ഇരുചാനലുകളും പോയിൻ്റ് ഉയർത്തി. കഴിഞ്ഞ ആഴ്ച മനോരമ ന്യൂസിന് 37.95 പോയൻ്റും മാതൃഭൂമി ന്യൂസിന് 30.07 പോയിന്റുമാണ് ലഭിച്ചത്. ഇക്കുറി യഥാക്രമം 43.55 ഉം 32. 71 ഉം ആണ്.
മലയാളം ന്യൂസ് ചാനലുകളിലെ ഏറ്റവും ഇളമുറക്കാരനായ ന്യൂസ് മലയാളത്തിന് ആറാം സ്ഥാനം നിലനിർത്താനായെങ്കിലും പോയിൻ്റുകളുടെ കാര്യത്തിൽ കനത്ത നിരാശയാണ്. 45ാം ആഴ്ചയിൽ 26.36 പോയിൻ്റായരുന്നു ചാലിന് ഉണ്ടായിരുന്നത്. ഇത്തവണ അത് 24.65 ആണ്. നേരത്തേ മനോരമയ്ക്കും മാതൃഭൂമിക്കും വെല്ലുവിളി തീർത്ത് മുന്നേറിയ ചാനലായിരുന്നു ന്യൂസ് മലയാളം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ന്യൂസ് മലയാളം ചർച്ചയായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ പോയിൻ്റ് നിലയിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ ന്യൂസ് മലയാളത്തിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച 22.44 പോയിൻ്റ് ഉണ്ടായ ജനം ടിവി 20.95 ലേക്ക് വീണു., ഏഴാം സ്ഥാനത്താണ് ഇത്തവണയും ചാനൽ. കൈരളി പോയിൻ്റ് നില മെച്ചപ്പെടുത്തി. 18.63 പോയിൻ്റ ഉണ്ടായിരുന്നത് 20.12 ലേക്ക് എത്തിച്ചു. കൈരളി ന്യൂസാണ് എട്ടാം സ്ഥാനത്ത്. 9 സ്ഥാനത്തുള്ള ന്യൂസ് 18 കേരളയും പോയിൻ്റ് ഉയർത്തിയിട്ടുണ്ട്. 13.94 പോയിൻ്റാണ് ചാനലിന് ലഭിച്ചത്.












Click it and Unblock the Notifications