റേറ്റിംഗിൽ മൂക്കും കുത്തി വീണ് റിപ്പോർട്ടർ ടിവി; തൊടാനാകാത്തവിധം കുതിച്ച് ഏഷ്യാനെറ്റ് ന്യൂസ്
ബാർക്ക് പോരാട്ടത്തിൽ റിപ്പോർട്ടർ ടിവിക്ക് ഇത്തവണയും തിരിച്ചടി. കൂറ്റൻ പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. 43ാ ആഴ്ചയിലെ ബാർക്ക് റേറ്റിംഗ് പ്രകാരം 101 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയത്. 42ാം ആഴ്ചയിൽ 104 പോയിന്റായിരുന്നു ചാനലിന് ലഭിച്ചത്.
രണ്ടാം സ്ഥാനത്ത് റിപ്പാർട്ടർ ചാനൽ ആണെങ്കിലും പോയിന്റ് നിലയിൽ ഏഷ്യാനെറ്റ് ന്യൂസുമായി വലിയ അന്തരമാണ് റിപ്പോർട്ടറിനുള്ളത്. 77 പോയിന്റാണ് ചാനലിന് ലഭിച്ചത്. മുൻ ആഴ്ചയിൽ ഇത് 80 പോയിന്റായിരുന്നു. ഇക്കഴിഞ്ഞ ജുലൈയിൽ ആയിരുന്നു ബാർക്ക് റേറ്റിംഗിൽ ഏഷ്യാനെറ്റിന്റെ അപ്രമാദിത്വം ആദ്യമായി റിപ്പോർട്ടർ തകർത്തത്ത്. തുടർന്നും മുന്നിൽ നിൽക്കാൻ റിപ്പോർട്ടർ ചാനലിന് സാധിച്ചിരുന്നു. എന്നാൽ 31ാം ആഴ്ചയോടെ അതായത് ഏകദേശം ഓഗസ്റ്റ് അസാനത്തോടെ ഏഷ്യാനെറ്റ് തങ്ങളുടെ സ്ഥാനം തിരിച്ചുപിടിച്ചു. പിന്നീട് ഏഷ്യാനെറ്റ് ന്യൂസിന് റേറ്റിംഗിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

അതേസമയം ഇക്കുറിയും മൂന്നാം സ്ഥാനത്ത് ട്വന്റിഫോർ ന്യൂസ് തന്നെയാണ്. 42-ആം ആഴ്ചയിൽ 56 പോയിന്റ് നേടിയ ചാനലിന് ഇത്തവണ ലഭിച്ചത് 53 പോയിന്റാണ്. റിപ്പോർട്ടർ ചാനലിന് മുൻപ് ഏഷ്യാനെറ്റിന്റെ പ്രധാന എതിരാളി ട്വന്റി ഫോർ ന്യൂസായിരുന്നു. റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസുമായി പലപ്പോഴും ട്വന്റിഫോർ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചിട്ടുണ്ട്. എന്നിരുന്നാലും റിപ്പോർട്ടർ ചാനൽ കളം പിടിച്ചതോടെ നാളുകളായി ട്വന്റിഫോർ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ആദ്യ രണ്ട് ചാനലുകളുമായി പോയിന്റ് നിലയിൽ ഏറെ പിന്നിലാണ് ട്വന്റി ഫോർ ന്യൂസ്.
പട്ടികയിൽ മാതൃഭൂമി ന്യൂസും മനോരമ ന്യൂസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചിരിക്കുന്നത്. 37 പോയിന്റ് മാതൃഭൂമി നേടിയപ്പോൾ 36 പോയിന്റാണ് മനോരമയ്ക്ക് ലഭിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ബാർക്ക് റേറ്റിംഗിൽ കാര്യമായ വളർച്ചാ മുന്നേറ്റം ഇരു ചാനലുകൾക്കും രേഖപ്പെടുത്താനായിട്ടില്ല. 29 പോയിന്റുമായി ന്യൂസ് മലയാളമാണ് ആറാം സ്ഥാനത്ത്. . കഴിഞ്ഞ ആഴ്ച ഇത് 30 ആയിരുന്നു. നേരത്തേ മനോരമയ്ക്കും മാതൃഭൂമിക്കും വെല്ലുവിളി തീർത്ത് മുന്നേറിയ ചാനലായിരുന്നു ന്യൂസ് മലയാളം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ന്യൂസ് മലയാളം ചർച്ചയായിരുന്നു.
ജനംടിവിയാണ് പട്ടികയിൽ 7ാം സ്ഥാനത്ത് വരുന്നത്. എട്ടാം സ്ഥാനത്ത് വരുന്ന കൈരളിയേക്കാൾ ഒരു പോയിന്റാണ് ജനം ചാനലിന് ഉളളത്. ജനത്തിന് 21, കൈരളിക്ക് 20 എന്നിങ്ങനെയാണ് പോയിന്റുകൾ. റേറ്റിംഗിൽ ഏറ്റവും താഴെ നിന്ന് രണ്ടാംസ്ഥാനത്ത് ന്യൂസ് 18 കേരളമാണ്, 11 പോയിന്റ്. പട്ടികയില്‍ ചാനല്‍ ഒന്‍പതാമതാണ്. ബാര്‍ക്ക് റേറ്റിംഗിന് വിശ്വാസ്യത ഇല്ലെന്ന് ആരോപിച്ച് മീഡിയ വൺ ചാനൽ റേറ്റിംഗിൽ നിന്നും വിട്ട് നിന്നിരുന്നു. ഏറെ നാളുകളായി 10ാം സ്ഥാനത്ത് തന്നെ തുടരുകയായിരുന്നു മീഡിയ വൺ. വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതോടെയാണ് ബാർക്കിൽ നിന്ന് പിന്മാറിയതെന്നാണ് മീഡിയ വൺ വ്യക്താമക്കിയത്. ഇത്തവണയും ചാനലിന് 9 പോയിന്റാണ് ലഭിച്ചത്.












Click it and Unblock the Notifications