റിപ്പോർട്ടർ ടിവിയെ വീഴ്ത്തി ട്വൻ്റിഫോർ ന്യൂസ് കയറിയോ;ബാർക്ക് റേറ്റിംഗ് പുറത്ത്
ബലാത്സംഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ട്വൻ്റി ഫോർ ന്യൂസ് ചാനൽ നടത്തിയ അഭിമുഖമാണ് കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയ്ക്ക് വഴിവെച്ച സംഭവം. ഹാഷ്മി താജ് ഇബ്രാഹിം ആയിരുന്നു രാഹുലിനെ അഭിമുഖം ചെയ്തത്. ബിഗ് ടിവിയുടെ വരവിന് പിന്നാലെയുള്ള പ്രമുഖ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊഴിഞ്ഞ് പോക്കിനിടെ റേറ്റിംഗിൽ പിടിച്ച് നിൽക്കാനുള്ള ട്വൻ്റി ഫോർ ന്യൂസ് ചാനലിൻ്റെ അവസാന തന്ത്രങ്ങളിലൊന്നായാണ് അഭിമുഖം വിലയിരുത്തപ്പെട്ടത്. യഥാർത്ഥത്തിൽ ഈ അഭിമുഖം ചാനലിൻ്റെ റേറ്റിംഗ് ഉയർത്തിയോ? എന്താണ് കഴിഞ്ഞാഴ്ചത്തെ ബാർക്ക് റേറ്റിംഗിൽ സംഭവിച്ചത്? വിശദമായി നോക്കാം
റേറ്റിംഗ് രണ്ടാം സ്ഥാനക്കാരായിരുന്ന ട്വൻ്റി ഫോർ ന്യൂസിന് റിപ്പോർട്ടർ ചാനലിൻ്റെ രണ്ടാം വരവോടെയാണ് കാലിടറിയത്. റിപ്പോർട്ടറിൻ്റെ കുതിപ്പിൽ കിതച്ച റിപ്പോർട്ടർ കഴിഞ്ഞ കുറേ നാളുകളായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇതിനിടയിലാണ് ഇടിത്തീയെന്ന നിലയ്ക്ക് മത്സരം കടുപ്പിക്കാൻ ഉറച്ചുള്ള ബിഗ് ടിവിയുടെ വരവ്. മുൻപ് ട്വൻ്റിഫോറിനും റിപ്പോർട്ടർ ചാനലിനും വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ തന്ത്രം മെനഞ്ഞ അതേ അനിൽ അയിരൂര ആണ് ബിഗ് ടിവിയ്ക്ക് പിന്നിൽ.

ഇതിനോടകം തന്നെ പ്രമുഖ മാധ്യമപ്രവർത്തകരിൽ പലരും ട്വൻ്റി ഫോർ വിട്ട് ബിഗ് ടിവിയിലേക്ക് എത്തി. ഇതോടെ റേറ്റിംഗിൽ വലിയ തിരിച്ചടിയാണ് ട്വൻ്റി ഫോർ നേരിടുന്നത്. തിരിച്ചുവരവിനുള്ള തീവ്രശ്രമങ്ങൾക്കിടെയാണ് ട്വൻ്റി ഫോർ രാഹുലുമായുള്ള അഭിമുഖം പുറത്തുവിടുന്നത്. എന്നാൽ അഭിമുഖത്തിനിടെ വലിയ വിഭാഗം ആളുകൾ രംഗത്തെത്തി. അതീജീവിതയ്ക്കൊപ്പം എന്ന് ആവർത്തിച്ച് പറഞ്ഞ ചാനലും അവതാരകനും വേട്ടക്കാരന് ന്യായീകരിക്കാനുള്ള അവസരമാണ് ഒരുക്കയതെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. കുറ്റവാളികളുടെ അഭിമുഖം എടുക്കാം, എന്നാൽ അതൊരിക്കലും ഇത്തരത്തിൽ കുറ്റകൃത്യത്തെ ആകെ വെളിപ്പിക്കുന്ന തരത്തിലായിപ്പോകരുതെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടി.
എന്തായാലും ഈ അഭിമുഖത്തിനും കാര്യമായ ചലനങ്ങൾ ചാനലിൻ്റെ റേറ്റിംഗിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് നാലാം ആഴ്ചയിലെ ബാർക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. റേറ്റിംഗിൽ ഇപ്പോഴും മൂന്നാം സ്ഥാനത്ത് തന്നെയാണ് ട്വിൻ്റി ഫോർ. 50 പോയിൻ്റാണ് ചാനലിന് ഉള്ളത്. മൂന്നാം ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 5 പോയിൻ്റുകളുടെ വ്യത്യാസം.
റേറ്റിംഗില്‍ ഈ ആഴ്ചയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. 96 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് സ്വന്തമാക്കാനായിട്ടുളളത്. കഴിഞ്ഞയാഴ്ച 93 പോയിൻ്റായിരുന്നു. സുജയ പാർവ്വതി അടക്കമുള്ളവർ പോയെങ്കിലും ഇക്കുറിയും റിപ്പോർട്ടർ ചാനലിൻ്റെ റേറ്റിംഗിൽ വലിയ ഇടിവുണ്ടായിട്ടില്ല. ചാനലിന് തന്നെയാണ് രണ്ടാം സ്ഥാനം. 81 പോയിൻ്റുകളാണ് ചാനൽ നേടിയത്. കഴിഞ്ഞാഴ്ചയേക്കാൾ രണ്ട് പോയിൻ്റുകൾ അധികമായി നേടാൻ സാധിച്ചു.
ഇത്തവണത്തെ റേറ്റിംഗിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് മാതൃഭൂമി ന്യൂസ് ആണ്. കഴിഞ്ഞാഴ്ച അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ചാനൽ ഇക്കുറി ആറാമതാണ്. ന്യൂസ് മലയാളമാണ് മാതൃഭൂമിയെ വീഴ്ത്തിയത്. ഏറെ നാളുകൾക്ക് ശേഷമാണ ്ന്യൂസ് മലയാളം തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയത്. ഇരുചാനലുകൾക്കും 30 പോയിൻ്റുകളാണ് ലഭിച്ചത്. നാലാം സ്ഥാനം ഇക്കുറിയും മനോരമ ന്യൂസ് ആണ്, 38 പോയിൻ്റ്. 26 പോയിൻറുകളുമായി ജനം ടിവി ഏഴാം സ്ഥാനം നിലനിർത്തി. കൈരളി ന്യൂസും ന്യൂസ് 18 കേരളയുമാണ് എട്ടും ഒൻപതും സ്ഥാനങ്ങളിൽ. യഥാക്രമം 19, 10 പോയിൻ്റുകളാണ് ചാനലുകൾ നേടിയത്.












Click it and Unblock the Notifications