നാടെങ്ങും വിപുലമായ റിപ്പബ്ലിക് ദിന ആഘോഷം: തിരുവനന്തപുരത്ത് ഗവർണറും മുഖ്യമന്ത്രിയും ഒരു വേദിയില്‍
തിരുവനന്തപുരം: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. 9മണിയോടെ വേദിയിലെത്തിയ ഗവർണ്ണർക്കൊപ്പം മുഖ്യമന്ത്രി ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുത്തു. വേദിയില്‍ അടുത്താണ് ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മിണ്ടിയില്ല.
വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുൻ വർഷങ്ങളിലേതു പോലെ ഇന്ത്യന്‍ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു.
കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ തങ്ങളുടെ നേട്ടങ്ങളായി അവതരിപ്പിക്കുന്ന പദ്ധതികളും അവകാശവാദങ്ങളും ഗവർണ്ണർ എടുത്ത് പറഞ്ഞു.സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്നതിനും ഇന്ത്യയെ സൂപ്പര്‍ പവര്‍ ആക്കുന്നതിന് സ്വാതന്ത്ര സമരസേനാനികള്‍ കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ആത്മവിശ്വാസവും ശക്തിയും വളര്‍ത്തിയെടുക്കുന്നതിനും അമൃത് കാലത്തിന്റെ ചൈതന്യം ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നുവെന്നും ഗവർണ്ണർ അവകാശപ്പെട്ടു.
ജി20 അധ്യക്ഷത രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തി. വന്ദേഭാരത് ട്രെയിനുകളും കൊച്ചി വാട്ടര്‍മെട്രോയും മെയ്ക് ഇന്‍ ഇന്ത്യ നയത്തിന്റെ വിജയമാണെന്നും അവകാശപ്പെട്ട ഗവർണ്ണർ കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈഡോക്കും ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയും മെയ്ക് ഇന്‍ ഇന്ത്യക്ക് കേരളത്തിന്റെ സംഭാവനയാണ്. 13.5 കോടി ജനങ്ങളെ ദാരിദ്രത്തില്‍നിന്ന് മുക്തരായി. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 78 ലക്ഷം വീടുകള്‍ നിര്‍മിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തല്‍ ചടങ്ങ് നടന്നു. ഇടുക്കിയിൽ ഐ ഡി എ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. എറണാകുളം ജില്ലയിൽ മന്ത്രി കെ രാജനും, മലപ്പുറത്ത് എം എസ് പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജിആർ അനിലും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയർത്തി. പത്തനംതിട്ടയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും തേക്കിൻകാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണനും, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയും വയനാട്ടിൽ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേഷ് കുമാറും പതാക ഉയർത്തി.
റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന് വരുന്ന രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വിരുന്നിനായി സർക്കാർ 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. പതിവ് പോലെ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ ദിവസം നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം അവസാന ഭാഗം മാത്രം വായിച്ച് ഒതുക്കിയതില്‍ സർക്കാറിന് കടുത്ത അതൃപ്തിയാണ് ഉള്ളത്.












Click it and Unblock the Notifications