അർജുനേയും കാത്ത്... : രക്ഷാപ്രവർത്തനം പുലർച്ചെ 5.30 ന് പുനഃരാരംഭിക്കും, റഡാർ ഡിവൈസ് എത്തുന്നു
ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ നിർത്തി വെച്ചു. രാത്രി ഒമ്പത് മണിയോടെയാണ് ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. പ്രത്യേക ലൈറ്റുകള്‍ അടക്കം സജ്ജീകരിച്ച് രാത്രിയും തിരച്ചില്‍ തുടർന്നെങ്കിലും മേഖലയിലെ കനത്ത മഴ കാരണം തിരച്ചില്‍ നിർത്തിവെക്കുന്നുവെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ വ്യക്തമാക്കി.
കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ തിരച്ചില്‍ നിർത്തിവെക്കുകയാണ്. നാളെ അതിരാവിലെ അഞ്ചരയോടെ മുതല്‍ തന്നെ തിരച്ചില്‍ പുനഃരാരംഭിക്കും. റഡാർ ഉപയോഗിച്ചുള്ള തിരച്ചിലായിരിക്കും നാളെ നടത്തുക. ഇതിനായി ബംഗളൂരുവില്‍ നിന്ന് റഡാർ ഡിവൈസ് എത്തിക്കുമെന്നും കളക്ടർ പറഞ്ഞു.

വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടുവരിക. റഡാർ വഴി ലോറി നില്‍ക്കുന്ന സ്ഥലം കണ്ടെത്തി കഴിഞ്ഞാല്‍ ഇവിടം കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ ഊർജ്ജിതമാക്കും. നാവികസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ്, പൊലീസ്, അഗ്നിശമനസേന സംഘങ്ങള്‍ ചേർന്നുള്ള തിരച്ചിലായിരിക്കും നാളെ നടത്തുക.
അതേസമയം, അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഉത്തര കന്നട ജില്ലാ കലക്ടര്‍ അറിയിച്ചതായി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും അറിയിച്ചു. അര്‍ജുനെ കണ്ടെത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടിയന്തര സന്ദേശം അയച്ചിരുന്നു.
തെരച്ചില്‍ നടപടികള്‍ ശക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തര കന്നട ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉത്തര കന്നട കലക്ടറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉത്തര കന്ന ജില്ലാ കലക്ടര്‍ അറിയിച്ചതായും സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു.
പത്ത് പേരെ കാണാതായതില്‍ ഏഴുപേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. കാണാതായ ചിലർ സമീപത്തൂടെ ഒഴുകിപ്പോകുന്ന ഗംഗാവാലി നദിയിലേക്ക് ഒഴുകിപ്പോയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ പുഴയിലും തിരച്ചില്‍ സജീവമായിരുന്നു.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ 5 പേരും ഒരു കുടുംബത്തിലെ ആളുകളാണ്. മീപത്ത് ചായക്കട നടത്തുന്ന കുടുംബത്തിലെ 8 വയസ്സുള്ള കുട്ടിയടക്കമാണ് മരണപ്പെട്ടത്. കടയുടമ ലക്ഷ്മൺ നായിക്, ഭാര്യ ശാന്തി, മകൻ റോഷന്‍, മകള്‍ അവന്തിക, ലക്ഷമണിന്റെ മാതാപിതാക്കളില്‍ ഒരാള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മറ്റ് മൂന്ന് പേർ ഡ്രൈവർമാരാണ്. ഇതില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications