ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ കയറി! മകരവിളക്കിന് മുന്‍പ് ശബരിമലയില്‍ എത്തുമെന്ന് രേഷ്മ നിശാന്ത്!
സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നാലെ മൂന്ന് സ്ത്രീകള്‍ മലകയറിയെന്നായിരുന്നു റിപ്പോര്‍ട്ട്. കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദു കല്യാണിയും കനക ദുര്‍ഗയുമായിരുന്നു ആദ്യം ദര്‍ശനം നടത്തിയത്. പിന്നാലെ ശക്തമായ സുരക്ഷയില്‍ ശ്രീലങ്കന്‍ സ്വദേശിയായ 47 കാരി ശശികലയും ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി മടങ്ങി. എന്നാല്‍ ഇവര്‍ മൂന്നുപേരും മാത്രമല്ല മറ്റ് 10 സ്ത്രീകള്‍ കൂടി മലകയറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത് ശരിവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

രണ്ട് സ്ത്രീകള്‍
വിധിക്ക് പിന്നാലെ ശബരിമല നട തുറന്ന ആദ്യ നാളുകളില്‍ നിരവധി സ്ത്രീകള്‍ മലകയറാനായി എത്തിയിരുന്നെങ്കിലും എല്ലാവര്‍ക്കും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. എന്നാല്‍ പുതുവത്സര ദിനത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള വനിതാ മതില്‍ കേരളത്തില്‍ ഉയര്‍ന്നതിന് പിറ്റേന്നായിരുന്നു രണ്ട് സ്ത്രീകളുടേയും മലകയറ്റം.

ശ്രീലങ്കന്‍ സ്വദേശി
ഇതോടെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉയര്‍ന്നെങ്കിലും ഇതിനിടയിലൂടെ മറ്റൊരു സ്ത്രീകൂടി ദര്‍ശനം നടത്തി മടങ്ങി. ശ്രീലങ്കന്‍ സ്വദേശിയായ 47 കാരി ശശികലയായിരുന്നു 18ാം പടി ചവിട്ടി തന്നെ മലയില്‍ എത്തിയത്.

മറ്റ് 10 പേര്‍
എന്നാല്‍ ഇവര്‍ മൂന്ന് പേര്‍ മാത്രമല്ല മറ്റ് പല സ്ത്രീകളും ശബരിമലയില്‍ കയറിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഭരണഘടനാ ബാധ്യത
പ്രായം നോക്കാതെ ആരെയും കടത്തിവിടാന്‍ ഉള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അതനുസരിച്ച് നിരവധി സ്ത്രീകള്‍ അവിടെ എത്തിയിട്ടുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി. ആര്‍എസ്എസ് എത്ര ബഹളം വെച്ചിട്ടും കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ക്കും മലകയറാം
അതേസമയം തന്‍റെ മുന്‍നിലപാടുകളും മന്ത്രി തിരുത്തി. എല്ലാ പ്രായത്തിലുമുള്ള വിശ്വാസികളായ ആക്റ്റിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ കയറാമെന്നും മന്ത്രി പറഞ്ഞു. അതിനിടെ കൂടുതല്‍ സ്ത്രീകള്‍ വരുംദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

രേഷ്മ നിശാന്ത് എത്തും
മകരവിളക്കിന് മുന്‍പ് തന്നെ ശബരിമലയിലേക്ക് എത്തുമെന്ന് വ്യക്തമാക്കി കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്തും രംഗത്തെത്തി. വ്രതം നോക്കാന്‍ തുടങ്ങിയിട്ട് 92 ദിവസങ്ങള്‍ പിന്നിട്ടെന്നും ഉടന്‍ തന്നെ ശബരിമലയിലേക്ക് എത്തുമെന്നും രേഷ്മ നിശാന്ത് പറഞ്ഞു.

വ്രതം നോറ്റു
41 ദിവസം വ്രതം നോറ്റ്, മത്സ്യമാംസാദികള്‍ വെടിഞ്ഞ്,ഭര്‍ത്താവിന്‍റെ സാമീപ്യത്തില്‍ നിന്നകന്ന് അയ്യപ്പനെ ധ്യാനിച്ച് ശബരിമലയിലേക്ക് പോകുമെന്ന് നേരത്തേ രേഷ്മ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ രേഷ്മയുടെ വീടിന് മുന്‍പില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

പ്രതിഷേധം
കഴിഞ്ഞ മാസം ശബരിമലയില്‍ പോകുമെന്ന് വ്യക്തമാക്കി രേഷ്മയും കണ്ണൂര്‍ സ്വദേശി ഷനിലയും കൊല്ലം സ്വദേശിനി ധന്യയും എറണാകുളത്ത് വാര്‍ത്താ സമ്മേളനം നടത്തി ശബരിമലയില്‍ എത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഇക്കൂട്ടത്തിലെ ധന്യയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.

അയഞ്ഞു
എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ എല്ലാം മാറിയെന്നും പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെന്നും രേഷ്മ പറയുന്നു. സമാധാന അന്തരീക്ഷത്തില്‍ ദര്‍ശനം നടത്തി മടങ്ങാന്‍ ആകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും രേഷ്മ വ്യക്തമാക്കി.












Click it and Unblock the Notifications