സംരംഭകരുടെ പരാതികളില്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം; സംസ്ഥാനത്ത് പുതിയ പോര്‍ട്ടല്‍ സജ്ജം
സര്‍വകലാശാലകളുടെയും കോളേജുകളുടെയും അധികമുള്ള ഭൂമിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടക്കമിട്ട സംരംഭങ്ങള്‍ നിലനിര്‍ത്താന്‍ ത്രിതല സംവിധാനം ഒരുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംരംഭകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന സംരഭക ക്ലിനിക്കുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇതിലൊന്ന്. നിലവില്‍ എല്ലാ ജില്ലയിലും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സംരംഭങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയിച്ചാല്‍ ഈ ക്ലിനിക്കുകളില്‍ പരിഹാരം നിര്‍ദേശിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റേണുകള്‍ എല്ലാ സംരംഭങ്ങളും സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം നിര്‍ദേശിക്കുകയാണ് രണ്ടാമത്തെ സംവിധാനം. നിര്‍മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ലിങ്കേജ് മാതൃകയാണ് മൂന്നാമത്തേത്. സംരംഭങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടിത്തന്നെ മനസിലാക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംരംഭകരുടെ പരാതികളില്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണാന്‍ വ്യവസായ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളുടെയും കോളേജുകളുടെയും അധികമുള്ള ഭൂമിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കും. സര്‍വകലാശാലകളുടെ ഗവേഷണ ഫലങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പനങ്ങളുടെ വ്യവസായങ്ങള്‍ക്കായിരിക്കും ഇവിടെ മുന്‍ഗണന നല്‍കുക.
എട്ടു സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധിക ഭൂമിയില്‍ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ നടപടി ആരംഭിച്ചു.
സഹകരണ വകുപ്പ് എല്ലാ ജില്ലകളിലും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. ഈ വര്‍ഷം എട്ട് പാര്‍ക്ക് ആരംഭിക്കും. സംരംഭക വര്‍ഷം പദ്ധതി വിജയിച്ചതിനു കാരണം വകുപ്പുകളുടെ ഏകോപനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. മന്ത്രിമാരായ വി ശിവന്‍കുട്ടി, എം ബി രാജേഷ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, റിയാബ് ചെയര്‍മാന്‍ ആര്‍ അശോക്, ഫിക്കി കേരള പ്രസിഡന്റ് എം ഐ സഹദുള്ള, കെഎസ്എസ്ഐഎ പ്രസിഡന്റ് നിസാറുദ്ദീന്‍, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications