ജയസൂര്യയുടെ വിമർശനം ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നു; പരിഹാരം കണ്ടെത്താൻ ശ്രമിക്കും: മന്ത്രി റിയാസ്
തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ സംബന്ധിച്ച നടൻ ജയസൂര്യയുടെ വിമർശനം സർക്കാർ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നതായി പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ്. തുടർച്ചയായി കേരളത്തിൽ പ്രതികൂല കാലാവസ്ഥയുണ്ടാകുന്നത് റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തടസ്സമാകുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിനു പരിഹാരം കണ്ടെത്താൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

തകർന്ന റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്നാണ് ജയസൂര്യ ചോദിച്ചത്. നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും, മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ 'ചിറാപുഞ്ചിയിൽ' റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. മഴയാണ് റോഡ് പണിക്ക് തടസ്സമാകുന്നത് എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യമില്ലെന്നും താരം വിമർശിച്ചു.
പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

എന്നാൽ, വിമർശനങ്ങളോടുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ: ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡാണുള്ളത്. കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററോളം റോഡുകളുണ്ട്. മഴക്കാലത്ത് മഹാഭൂരിപക്ഷം റോഡുകള്‍ക്കും കാര്യമായ കേടുകള്‍ സംഭവിച്ചിട്ടില്ല. അയ്യോ മഴ പെയ്യുന്നുവെന്ന് പറഞ്ഞ് പ്രയാസപ്പെടാതെ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അതേസമയം, സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം അഭിനന്ദനാർഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകൾ ഇനി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നടൻ കൂട്ടിച്ചേർത്തു. ടോളുകൾക്ക് നിശ്ചിത കാലാവധി ഏർപ്പെടുത്തണമെന്നും താരം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന പൊതുമരാമത്ത് വകുപ്പിന്റെ പരിപാടിയില്ലാണ് കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ ജയസൂര്യ വിമര്‍ശിച്ചത്. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയാവുകയായിരുന്നു.

എന്നാൽ ജനങ്ങൾ വിഷയം ചർച്ച ചെയ്തതോടെ സംഭവത്തിൽ വിശദീകരണവുമായി പിന്നീട് ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിട്ടു. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന യുവത്വമാണ് മുഹമ്മദ് റിയാസ് എന്ന് ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. റോഡുകൾക്ക് എന്ത് പ്രശ്നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് എന്നതും ഒരു ജനകീയ സർക്കാറിന്റെ ലക്ഷണമാണെന്നും ജയസൂര്യ പറഞ്ഞു.

ജനകീയമായ ഒരു സർക്കാർ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി സജീവമായി ഇടപ്പെടുമ്പോഴാണ്. റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ . പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ എന്നുപറഞ്ഞാണ് താരം മന്ത്രിയെ പ്രശംസിച്ചു കൊണ്ട് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications