നിപ ബാധിച്ച് മരിച്ചയാളുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം; അറിയാം ജാഗ്രതാ നിര്‍ദേശങ്ങള്‍
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ഭീതി. മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പാലക്കാട് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചതായി ഇന്നലെ രാത്രി റിപ്പോര്‍ട്ട് വന്നത്. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ സാമ്പിള്‍ വിശദ പരിശോധനയ്ക്ക് പുണെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്.
മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങള്‍ സംശയിച്ചതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. ശനിയാഴ്ച അഞ്ചു മണിയോടെയാണ് മരിച്ചത്. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.

അന്‍പതുകാരന്റെ മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികള്‍ തുടങ്ങി. നിപ്പ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടൈയ്ന്‍മെന്റ് സോണുകള്‍ ഉടന്‍ പ്രഖ്യാപിക്കും. മരിച്ച 50 കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.
നിലവില്‍ സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേരാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ടു പേരുമാണ് നിലവിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ടെന്നും മന്ത്രി അറിയിച്ചു. പാലക്കാട്ട് അഞ്ചു പേര്‍ ഐസലേഷനില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ആകെ 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാംപിളുകള്‍ നെഗറ്റീവ് ആയി.
2018 ലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ആയിരുന്നു അത്. 17 പേരാണ് അന്ന് മരിച്ചത്. 2019 ജൂണില്‍ കൊച്ചിയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. 2021 സെപ്റ്റംബറില്‍ കോഴിക്കോട് വീണ്ടും രോഗബാധ ഉണ്ടായി. 2023 ല്‍ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി മലപ്പുറം ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications