കോട്ടയത്ത് മുൻ പോലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അയൽവാസി കസ്റ്റഡിയിൽ
കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ് ഐയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ സ്വദേശി ശശിധരനാണ് മരിച്ചത്. ശശിധരന്റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രാവിലെ അഞ്ചേ കാലോടെയാണ് ശശിധരന്റെ മൃതദേഹം കണ്ടത്. പുലർച്ചെ പത്രമിടാനെത്തിയ യുവാവാണ് വഴിയരികിൽ മൃതദേഹം കാണുന്നത്. പരിശോധിച്ചപ്പോൾ തലയിൽ നിന്നും രക്തം വാർന്നൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് യുവാവ് നാട്ടുകാരെ വിളിച്ച് കൂട്ടികയായിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു ശശിധരൻ.

പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ശശിധരന്റെ അയൽവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിനോട് ചേർന്നുള്ള വഴിയെച്ചൊല്ലി യുവാവും ശശിധരനും തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാത്രി വിദേശത്തേയ്ക്ക് പോകാനിരിക്കെയാണ് ശശിധരന്റെ ദുരൂഹമരണം.












Click it and Unblock the Notifications