ചൈനയിലേക്കുള്ള വിദ്യാർത്ഥികളുടെ മടങ്ങി പോക്ക്; മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ
തിരുവനന്തപുരം; ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ മടങ്ങിപ്പോക്ക് സംബന്ധിച്ച അനിശ്ചിതത്വം സംബന്ധിച്ച വിഷയങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായി ചർച്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എം പി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ചൈനയിലേക്ക് തിരികെ പ്രവേശിക്കാനുള്ള അനുമതി ഇപ്പോൾ നൽകേണ്ടതില്ലെന്നതാണ് നിലവിൽ ചൈനയുടെ നിലപാട് എന്നാണ് കൂടിക്കാഴ്ചയിൽ അറിയാൻ സാധിച്ചത്. പല രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ നിന്നുമാണ് ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നതെന്നാണ് ചൈനയുടെ നിലപാടെന്നും കൊടിക്കുന്നിൽ പറഞ്ഞു.

സമ്പൂർണമായി കോവിഡ് മാറിയാൽ മാത്രമേ ചൈനയിൽ നിന്ന് മഹാമാരിക്കാലത്ത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് തിരികെ പോയവരെ ചൈനയിലേക്ക് മടങ്ങി വരാൻ അനുവദിക്കൂ. ഇവരെ തിരികെ പ്രവേശിപ്പിക്കാനുള്ള അനുമതി തല്ക്കാലം നൽകാനാവില്ല എന്നുമാണ് ചൈനയുടെ തീരുമാനം അധികൃതർ തന്നെ ഔദ്യോഗിക ചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കുറച്ചു നാളുകൾ കൂടി ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ ചൈനയിലേക്ക് തിരികെ പോകാൻ കാത്തിരിക്കേണ്ടി വരുമെന്നാണ് മന്ത്രി ജയശങ്കർ അറിയിച്ചത്.
കോവിഡ് കാലഘട്ടത്തിൽ ചൈനയിൽ നിന്ന് രാജ്യം വിട്ടു പോയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ചൈനയിലേക്ക് തിരികെ വരാൻ അനുമതി നൽകിയിട്ടില്ല എന്നും, ഈ യാത്ര നിരോധനം ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചുവെന്നും, കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ വന്നപ്പോൾ കേന്ദ്ര സർക്കാർ ഈ വിഷയം ചൈനീസ് വിദേശകാര്യ വകുപ്പ് മന്ത്രിമായുള്ള ചർച്ചയിൽ ഉന്നയിച്ചു എന്നും ഡോ ജയശങ്കർ അറിയിച്ചു.
ഒപ്പം തന്നെ ഉക്രെയിനിൽ നിന്നും ഇന്ത്യയിൽ തിരികെയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം, യുദ്ധക്കെടുതി കാരണം അവർക്ക് തിരികെ പോകാനോ, പഠനം ഉക്രെയിനിൽ തുടരാനോ അടുത്തൊന്നും കഴിയാത്ത സാഹചര്യം ഉള്ളതിനാൽ കേന്ദ്ര ആരോഗ്യ വകുപ്പിന് മുമ്പിൽ ഈ വിഷയത്തെ വരും ദിവസങ്ങളിൽ തന്നെ ഉന്നയിക്കും .അവർക്ക് ഇന്ത്യയിൽ തന്നെ തുടർ വിദ്യാഭ്യാസം , ക്ലിനിക്കൽ ട്രെയിനിങ് ഉൾപ്പടെ നൽകാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കി തന്നെ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെടുമെന്നും കൊടുക്കുന്നിൽ സുരേഷ് എം പി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.












Click it and Unblock the Notifications