സ്വപ്‌നയുടെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രിയ്ക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി. വിദേശത്തെ ചികിത്സയ്ക്കും ദുബായ് സന്ദര്‍ശനത്തിന് ശേഷം ഇന്നാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ സമരം.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. മരിച്ചുപോയ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നതിന് വേണ്ടി കൂടിയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പുലിയൂര്‍, ബി ജെ പി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം, അമല്‍ വള്ളങ്ങാട് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറും സ്വപ്ന സുരേഷും തുറന്നുവിട്ട പുതിയ വിവാദങ്ങള്‍ക്ക് ഇടയിലേക്കാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് വന്നിറങ്ങിയത്. മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തേക്ക് തിരിക്കും. സര്‍ക്കാരിനെ ബാധിക്കുന്ന പുതിയ ആരോപണങ്ങളിലും ലോകായുക്ത വിവാദങ്ങളിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസിലിരുന്ന് പുസ്തകം എഴുതിയതില്‍ ശിവശങ്കറിനെതിരായ നടപടിയും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നേക്കും. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കും.
മൂന്നാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെത്തുന്നത്. ചികിത്സക്കായി ജനുവരി 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടത്. ചികിത്സയ്ക്ക് ശേഷം 29ന് അദ്ദേഹം യു എ ഇയില്‍ എത്തി വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഒന്‍പത് ദിവസമാണ് മുഖ്യമന്ത്രി യു എ ഇയില്‍ ഉണ്ടായിരുന്നത്. ദുബായ് എക്സ്പോ 2020 ലെ കേരള വീക്ക് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. യു എ ഇ ഭരണാധികാരികള്‍, മന്ത്രിമാര്‍, സ്ഥാപക മേധാവികള്‍ എന്നിവരുമായെല്ലാം ഇതിനിടെ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് നടക്കുന്നത് എം ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സ്വപ്ന സുരേഷ് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവിടെ ജോലി ചെയ്യുന്നത് സുരക്ഷിതമല്ലെന്നും വേറെ ജോലി നോക്കാമെന്നും ശിവശങ്കര്‍ പറഞ്ഞുവെന്നും സ്വപ്‌ന പറഞ്ഞിരുന്നു.












Click it and Unblock the Notifications