'മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എത്ര ഗൂണ്ടാ സംഘങ്ങള്‍' - സഭയിൽ പോര് നടത്തി സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നിയമ സഭയിൽ തർക്കം. സംസ്ഥാനത്തെ ക്രമ സമാധാന നിലയെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേര്‍ന്ന് കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം സഭയിൽ കുറ്റപ്പെടുത്തി. കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകം അടക്കം സഭയിൽ പ്രതിപക്ഷം ഉന്നയിച്ചു. കേരളത്തിൽ ക്രമസമാധാന തകർച്ചയിലായിരുന്നു എന്നാണ് യുഡിഎഫ് അടിയന്തിര പ്രമേയത്തിൽ വ്യക്തമാക്കി.
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, യൂ ഹാവ് ഫെയില്‍ഡ്, മിസറെബ്ലി ഫെയില്‍ഡ് ടു പ്രൊട്ടെക്ട് ദ ലൈഫ് ആന്‍ഡ് പ്രോപ്പെര്‍ട്ടി ഓഫ് ദ പീപ്പിള്‍ ഹിയര്‍.. ഇവിടെ ആര് എപ്പോള്‍ കൊല്ലപ്പെടുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരായി നിങ്ങള്‍ മാറി വിഡി സതീശൻ വ്യക്തമാക്കി. ഗൂണ്ടാ ആക്രമണം ഉണ്ടായാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോലും ഇവിടുത്തെ ജനങ്ങള്‍ക്ക് ധൈര്യമില്ല. കേരളത്തിലെ ആഭ്യന്തരവും മുഖ്യമന്ത്രിയും പരാജയമാണ്. നമ്മുടെ രാജ്യത്ത് ജീവിക്കാനുള്ള അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 21 ഉണ്ട്. ഇവിടുത്തെ ജനങ്ങളെയും അവരുടെ സ്വത്തും സംരക്ഷിക്കേണ്ടത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ നിങ്ങള്‍ അവിടെ പരാജയപ്പെട്ടു.

പൊലീസ് സംവിധാനത്തില്‍ അധികാര ക്രമമുണ്ട്. അതിപ്പോള്‍ ഉണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടി ഏരിയ സെക്രട്ടറിമാരാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത്. അവരുപറയുന്നതാണ് ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നത്. പഴയകാല ഭരണത്തിന്റെ ഭീതിതമായ ഒരു പുതിയ രൂപമാണ് കേരളത്തില്‍ പാര്‍ട്ടി ഇടപെടുന്നത്. പാര്‍ട്ടിയേയും ഭരണത്തേയും ഒരുമിച്ച് കൊണ്ടു പോകുന്ന ആളുകളാണ് നിങ്ങള്‍. ആ പാര്‍ട്ടി ഇടപെല്‍ പൊലീസ് സംവിധാനത്തെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒന്നായി മാറ്റിയിരിക്കുന്നു.

'ഇവിടെ തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍, തിരുവനന്തപുരത്ത് നിന്നും വണ്ടി കേറി കണ്ണൂര്‍ പോകേണ്ടയാള്‍, കൊല്ലത്ത് വണ്ടിയിറങ്ങി ചെങ്കോട്ടയിലേക്ക് പോയി.. എന്നും മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ച് വി ഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എത്ര ഗൂണ്ടാ സംഘങ്ങള്‍, എത്ര കൊലപാതകങ്ങള്‍, എത്ര മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ പ്രകടനം നടത്തുന്നു. എന്നിട്ടും എപ്പോഴും മുഖ്യമന്ത്രിയുടെ മറുപടിയാണ് 'ഒറ്റപ്പെട്ട സംഭവങ്ങള്‍...' ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നത് ഈ പിണറായി ഭരണകാലത്ത് ഏറ്റവും തമാശയുള്ളൊരു വാക്കാണ്. എല്ലാ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു.

അതേസമയം, സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ വിവാഹ പാർട്ടിക്കിടെ ബോംബേറില്‍ ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായി. കിഴക്കമ്പലത്തു ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വർധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 21.02.2022 വരെ 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 92 പ്രതികളില്‍ 73 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്‍ ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എന്നാൽ, പ്രതിപക്ഷത്തിന് എതിരെ പിണറായി ആഞ്ഞടിച്ചു. വല്ലാതെ ചീറ്റിപ്പോയ പ്രമേയമായി പോയി ഇത്. കേരളം ക്രമസമാധാനം തകര്‍ന്ന നാടായി മാറണം എന്ന മോഹം ആണ് ഇതില്‍ കണ്ടത്. വിചിത്രമായി തോന്നിയ ഒരു കാര്യം നിങ്ങള്‍ നടത്തിയ ദാരുണമായ കൊലപാതകങ്ങളൊന്നും പരാമര്‍ശിക്കാതെ പോയത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി സഭയിൽ ചോദിച്ചു.












Click it and Unblock the Notifications