'പിണറായിയുടെ ജീവിത പരിശുദ്ധിക്ക് മേൽ ചെളി തെറിപ്പിക്കാൻ വലതുപക്ഷ കോമരങ്ങൾക്ക് ആകില്ല'; ആനാവൂർ നാഗപ്പൻ
എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ ആരോപണത്തിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ.
കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് ആക്രമിക്കുക എന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും കേരളത്തിലെ വലത് പക്ഷ മാധ്യമങ്ങളുടെയും സ്ഥിരം രീതിയായി മാറിയിരിക്കുകയാണ് അദ്ദേഹം വിമർശിച്ചു.
പിണറായി വിജയൻ മുൻപ് സൂചിപ്പിച്ച പോലെ മടിയിൽ കനമുള്ളവനെ വഴിയിൽ പേടി വേണ്ടുവെന്നും ത്യാഗനിർഭരവും സത്യസന്ധവുമായ പൊതുജീവിതത്തിന്റെ ഉടമയായ പിണറായിയുടെ ജീവിത പരിശുദ്ധിക്ക് മേൽ ചെളി തെറിപ്പിക്കാൻ ഈ വലതുപക്ഷ കോമരങ്ങൾക്ക് ആകില്ല എന്ന വസ്തുത കാലം തെളിയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമെന്ന് മനോരമയിൽ ആറുകോളത്തിലായി വെണ്ടയ്ക്ക വലുപ്പത്തിൽ മുൻപേജിൽ ഒരു വാർത്ത. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ഈ വിവാദ ഇടപാടിൽ ബന്ധമുണ്ടെന്നാണ് ആരോപണം. വാർത്തയുടെ ഉള്ളിലേയ്ക്ക് വായിച്ച് പോകുമ്പോഴാണ് മല എലിയെ പ്രസവിച്ച പോലെയാണ് വാർത്തയുടെ പോക്ക് എന്ന് മനസിലാകുന്നത്.
പ്രസാഡിയ എന്ന സ്ഥാപനം കമ്പനി രെജിസ്ടർക്ക് സമർപ്പിച്ച ഫിനാഷ്യൽ റിപ്പോർട്ടിൽ പ്രകാശ് ബാബു അയ്യത്താൻ എന്നയാളിന്റെ എറണാകുളത്തെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ച വകയിൽ നൽകേണ്ട വാടകയുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ട് എന്നതാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന് ഇതിൽ ബന്ധമുണ്ടെന്നതിന് ഉപോൽബലകമായി ചൂണ്ടികാണിച്ചിരിക്കുന്നത് . എന്ത് മാത്രം ബാലിശമാണ് ഈ ആക്ഷേപം.
കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് ആക്രമിക്കുക എന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും കേരളത്തിലെ വലത് പക്ഷ മാധ്യമങ്ങളുടെയും സ്ഥിരം രീതിയായി മാറിയിരിക്കുന്നു.
സിംഗപ്പൂരിൽ കമല ഇന്റര്നാഷണൽ എന്നൊരു കമ്പനി ഉണ്ടെന്നും അത് മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിൽ ഉള്ളതാണെന്നും ആ കമ്പനിക്ക് കേരളത്തിലെ ചില ഇടപാടുകളിൽ ബന്ധമുണ്ടെന്നും വലിയ തോതിൽ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഒരു തെളിവും ഇല്ലാത്തതും അനാവശ്യവുമായ ആക്ഷേപം ആണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ കമ്പനി ഉണ്ടെന്നും ആ കമ്പനി കേരളത്തിൽ ക്രമരഹിതമായ ഇടപെടൽ നടത്തിയെന്നും പ്രതിപക്ഷവും മാധ്യമങ്ങളും ആരോപിച്ചു. വലിയ പ്രചാരവേലയാണ് അതിന് നൽകിയത്. അതും ഒരടിസ്ഥാനവുമില്ലാത്ത ആരോപണമാണെന്ന് ഇതിനകം പൊതുസമൂഹത്തിന് ബോധ്യമായി. ഇപ്പോൾ മകന്റെ ഭാര്യാപിതാവിന്റെ പേരിലാണ് പുതിയ ചർച്ച.
നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരിയായ അന്വഷണം നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് കേരളത്തിന്റെ മുഖ്യമന്ത്രി സ. പിണറായി വിജയനാണ്. കള്ളക്കടത്ത് നടത്തിയ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കേന്ദ്ര അന്വഷണ ഏജൻസികൾക്ക് ഒരു താല്പര്യവും ഉണ്ടായില്ല എന്നതാണ് വസ്തുത. ആരാണ് ദുബായിൽ നിന്ന് സ്വർണ്ണം അയച്ചത് ? ആർക്ക് വേണ്ടിയാണ് അയച്ചത് ? ഗുണഭോക്താക്കൾ ആരൊക്കെയാണ് ? ഈ ചോദ്യങ്ങൾക്കൊന്നും ഇന്നും ഒരുത്തരവും അന്വഷണ ഏജൻസികൾക്കില്ല.
അന്വഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ജനം ടിവി യിലെ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ നോട്ടീസ് കൊടുത്ത് വിളിച്ച ഇഡി ഉദ്യോഗസ്ഥന്മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതും അനിൽ നമ്പ്യാരെ കേസിൽ നിന്ന് പൂർണമായി ഒഴിവാക്കിയതിന്റെയും കാരണം ഇന്നും അജ്ഞാതമാണ് . യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് പകരം മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിൽ ആരോപണം ഉന്നയിക്കാനും ആക്ഷേപങ്ങളുടെ പുകമറയിൽ അദ്ദേഹത്തെ നിർത്തി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമോ എന്നുമാണ് കേന്ദ്ര ഏജൻസികൾ പരിശ്രമിച്ചത്.
ആ ഉദ്യമത്തിന് എരിവ് പകരാൻ മനോരമയും മാതൃഭൂമിയും വലത്പക്ഷ മാധ്യമ തമ്പുരാക്കന്മാരും അന്തിചർച്ച വിശാരദന്മാരും ഒരുപാട് സമയവും പത്രപേജുകളും ചിലവഴിച്ചു. നാല് കൊല്ലത്തോളമായി ഇഡിയും സിബിഐയും കസ്റ്റംസും കേരളത്തിന്റെ തറയിളക്കി പരിശോധിച്ചിട്ടും ഒരു ചെറിയ സംശയത്തിന്റെ മുനപോലും സ :പിണറായി വിജയനിലേയ്ക്ക് എത്തിക്കാൻ അവർക്ക് ആയില്ല. ബിരിയാണി ചെമ്പും പരിശുദ്ധ ഖുർആനും ഈന്ത പഴവും തുടങ്ങി എത്രയോ കെട്ടുകഥകൾ മനുഷ്യരുടെ ഓർമ്മയിൽ പോലും നിൽക്കാതെ മരിച്ച് മണ്ണടിഞ്ഞു.
കേരളത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച വൈദ്യുതി മന്ത്രി ആയിരുന്നു സ; പിണറായി വിജയൻ. ഏഴ് മണിക്കൂർ വരെ പവർകട്ട് ഉണ്ടായിരുന്ന കേരളത്തിൽ വളരെ ചുരുങ്ങിയ കാലം വൈദ്യുതി മന്ത്രി ആയിരുന്ന സ: പിണറായി വിജയൻറെ പ്രവർത്തനത്തിന്റെ ഫലമായി റെക്കോർഡ് വേഗതയിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് വൈദ്യുതി കമ്മിയിൽ നിന്നും ലോഡ് ഷെഡിങ്ങിൽ നിന്നും കേരളത്തെ കരകയറ്റി മാതൃക ആയിരുന്നു അദ്ദേഹം.
സിപിഐ എം ന്റെ സംസ്ഥാന സെക്രട്ടറിയായ ദിവസം മുതൽ സ:പിണറായിയെ കുരിശിലേറ്റാൻ ലാവ്‌ലിൻ കേസെന്ന ആക്ഷേപം കോൺഗ്രസ്സും മാധ്യമങ്ങളും ഉയർത്തികൊണ്ട് വന്നു . കേരളത്തിലെ ഉമ്മൻചാണ്ടിയുടെ കീഴിലുള്ള വിജിലൻസ് അന്വഷണം നടത്തി തള്ളിക്കളഞ്ഞ ആ വിഷയം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തൊട്ട് തലേദിവസം സിബിഐ യ്ക്ക് വിടുകയാണ് ഉമ്മൻചാണ്ടി ചെയ്തത്. സിബിഐ അതിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിച്ച് അന്വഷണം നടത്തി. റിപ്പോർട്ട് കേരള ഹൈക്കോടതിയിൽ എത്തിയപ്പോൾ ബഹുമാനപെട്ട ഹൈക്കോടതിയുടെ വിധി എന്തായിരുന്നു എന്ന് ഈ നാട് കണ്ടതാണ്.
അഗ്നിശുദ്ധി വരുത്തിയ സ :പിണറായി വിജയനെയാണ് നാട് കണ്ടത്. കേരളത്തിലെ ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാടുകൾക്ക് വിരുദ്ധമായി ബദൽ സാമ്പത്തിക നയം ഉയർത്തി കേരളത്തെ വൻവികസനത്തിന്റെ ഉന്നതിയിലേക്ക് നയിക്കുകയും എല്ലാ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകാനും നേതൃത്വം നൽകി എന്നത് കൊണ്ട് തന്നെയാണ് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് തുടർഭരണം ലഭ്യമായത്.
അതിന്റെ നിരാശയിൽ അരിശം പൂണ്ട പ്രതിപക്ഷം തുടർഭരണത്തിന്റെ പ്രധാനകാരണക്കാരനായ സ: പിണറായിയ്ക്ക് എതിരെ അടിസ്ഥാനരഹിതമായ വിഷയങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെ പോലും വേട്ടയാടാൻ ശ്രമിക്കുകയാണ് . ഒരു കാര്യം വ്യക്തമാണ് സ: പിണറായി വിജയൻ മുൻപ് സൂചിപ്പിച്ച പോലെ മടിയിൽ കനമുള്ളവനെ വഴിയിൽ പേടി വേണ്ടു. ത്യാഗനിർഭരവും സത്യസന്ധവുമായ പൊതുജീവിതത്തിന്റെ ഉടമയായ സ. പിണറായിയുടെ ജീവിത പരിശുദ്ധിക്ക് മേൽ ചെളി തെറിപ്പിക്കാൻ ഈ വലതുപക്ഷ കോമരങ്ങൾക്ക് ആകില്ല എന്ന വസ്തുത കാലം തെളിയിക്കുക തന്നെ ചെയ്യും.












Click it and Unblock the Notifications