രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയയ്ക്കുമെതിരെ പരാതി നല്‍കി റിനി ആന്‍ ജോര്‍ജ്, 'പെയ്ഡായ ആക്രമണം'
കൊച്ചി: സൈബര്‍ ആക്രമണങ്ങളില്‍ പരാതിയുമായി നടി റിനി ആന്‍ ജോര്‍ജ്. രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയക്കുമെതിരെയാണ് റിനി പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് റിനി ആന്‍ ജോര്‍ജ് പരാതി നല്‍കിയത്. യുവ നേതാവില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി എന്ന് ആരോപിച്ച് കൊണ്ട് നേരത്തെ റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളും ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നത്. എന്നാല്‍ റിനി ഇതുവരെ ആരുടേയും പേര് പറഞ്ഞിരുന്നില്ല. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ റിനിയ്‌ക്കെതിരെ ക്രൂരമായ വ്യക്തിഅധിക്ഷേപമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് റിനി പരാതി നല്‍കിയത്.

വീഡിയോകളിലും കമന്റുകളിലുമായി അപകീര്‍ത്തികരമാം വിധമുള്ള പരാമര്‍ശങ്ങളാണ് റിനിക്കെതിരെ ഉയരുന്നത്. റിനിയെ ഡ്രാമ ക്വീന്‍ എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ യൂട്യൂബ് ചാനലിലൂടെ വിമര്‍ശിച്ചത്. ഷാജന്‍ സ്‌കറിയയും ക്രൈം നന്ദകുമാറും റിനിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇവരുടെ യൂട്യൂബ് ചാനലുകളുടെ പേരെടുത്ത് പറഞ്ഞാണ് റിനി പരാതി നല്‍കിയിരിക്കുന്നത്.
വീഡിയോകളുടെ ലിങ്കും പരാതിക്ക് ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം റൂറല്‍ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമം യുവ നേതാവിനെതിരായ ആരോപണങ്ങളില്‍ നിയമ വഴിയേ പോകുന്നില്ലെന്ന് നേരത്തെ തന്നെ റിനി വ്യക്തമാക്കിയിരുന്നു. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് റിനി വ്യക്തമായി പ്രതികരിച്ചില്ല. റിനിയുടെ വാക്കുകള്‍..
'ആരാണ് എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് എന്ന് പൊലീസ് കണ്ടെത്തട്ടെ. എന്തായാലും പെയ്ഡ് ആയിട്ടുള്ള ശ്രമം തന്നെയാണ് നടക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ പരിചയത്തിലുള്ള പ്രശസ്തരായിട്ടുള്ള പല പുരുഷന്മാരും ഉണ്ട്. സിനിമാ ഫീല്‍ഡില്‍ ഉള്ളവരെ പോലും അവരുടെ ചിത്രങ്ങളും വീഡിയോകളും എടുത്ത് അവരുടെ സ്വകാര്യതയില്‍ പോലും കൈകടത്തുകയാണ്.
അവരുടെ സ്വകാര്യതയെ പോലും ബാധിക്കുന്നു എന്നുള്ളത് ബുദ്ധിമുട്ടായി തോന്നി. അതുകൊണ്ടാണ് പെട്ടെന്ന് തന്നെ ആക്ട് ചെയ്യണം എന്ന് തോന്നിയത്. എനിക്കെതിരെ മാത്രമല്ല, സുഹൃത്തുക്കള്‍ക്കെതിരെ കൂടി, അവരേയും ഇതിലേക്ക് വലിച്ചിഴച്ചത് കൊണ്ടാണ് നടപടി വേണം എന്ന് തോന്നിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് വരുന്നതിനെ കുറിച്ചൊന്നും ഞാന്‍ പ്രതികരിക്കേണ്ട കാര്യമില്ല. അതൊക്കെ ആ പ്രസ്ഥാനം തീരുമാനിക്കേണ്ട കാര്യമാണ്,' റിനി പറഞ്ഞു.












Click it and Unblock the Notifications